തകരുന്ന ഹൃദയം വീണ്ടെടുക്കാം
• തകരുന്ന ഹൃദയങ്ങളെ വീണ്ടെടുക്കാം. 'ചെറുതായൊരു പാച്ച് വർക്ക്' ചെയ്യാൽ മതി. നന്നായി മിടിച്ചോളും. ഹൃദയസ്തംഭനം വന്നവരുടെ ഹൃദയങ്ങൾ അവയവമാറ്റം കൂടാതെ ത്തന്നെ സുഖപ്പെടുത്താനാകുന്ന 'ഇംപ്ലാന്റബിൾ പാച്ചുകൾ' നിർമിച്ചിരിക്കുകയാണ് ജർമനിയിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്റർ ഗോട്ടിഗനിലെ ഗവേഷകർ.
• മിടിക്കുന്ന ഹൃദയപേശികളോടു കൂടിയ ഈ പാച്ച്, അവയവത്തെ സങ്കോചിക്കാൻ സഹായിക്കുകയും ഹൃദയപേശികളെ സുസ്ഥിരമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
• മൃഗങ്ങളിലെ പരീക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാച്ച് ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. ലഭ്യതക്കുറവ് കാരണം മിക്കപ്പോഴും സാധ്യമാകാത്ത ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കും ചെലവേറിയ കൃത്രിമ ഹൃദയപമ്പുകൾക്കും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ പാച്ചുകളെന്ന് ഗവേഷകർ പറയുന്നു.
• 15 രോഗികളിൽ ഇതിനകം ഗവേഷണ സംഘം പരീക്ഷണാടിസ്ഥാനത്തിൽ പാച്ചുകൾ ഘടിപ്പിച്ചിട്ടുണ്ട്. പഠനം ജേണൽ നേച്ചറിൽ പ്രസിദ്ധീകരിച്ചു.
പ്രക്രിയ
• രക്തത്തിൽനിന്ന് ശേഖരിക്കുന്ന കോശങ്ങളിൽനിന്നാണ് പാച്ചുകൾ നിർമിക്കുന്നത്. ഈ കോശങ്ങളെ ആദ്യം ശരീരത്തിലെ ഏതുതരം കോശമായും മാറാൻ കഴിയുന്ന മൂലകോശ(stem Cells)മാക്കി മാറ്റും. പിന്നീടിവ ഹൃദയപേശികളായും ശരീരത്തിലെ വിവിധ കലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ടീവ് ടിഷ്യു ആയും രൂപാന്തരപ്പെടുത്തും.ഇവയെ കൊളാജൻ ജെല്ലുമായി(ഒരിനം പ്രോട്ടീൻ) യോജിപ്പിച്ച് പ്രത്യേക രീതിയിലുള്ള അച്ചുകളുപയോഗിച്ച് ഷ്‌ഡ്ഭുജ പാച്ചുകളായി മാറ്റിയെ ടുക്കുന്നു. ഈ പാച്ചുകളെ ഹൃദയസ്തരവുമായി കൂട്ടിയോജിപ്പിച്ചാണ് ഹൃദയങ്ങൾക്ക് പുതുജീവനേകുന്നത്. ഈ പാച്ചിലെ ഹൃദയപേശികൾക്ക് കേവലം നാലോ എട്ടോ വർഷം പഴക്കമുള്ള ഹൃദയപേശികളുടെ സ്വഭാവമാകും ഉണ്ടാകുകയെന്നതാണ് മറ്റൊരു പ്രത്യേകത.
Comments
Post a Comment