അമീബിക് മസ്തിഷ്ക ജ്വരം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമീബിക് മസ്തിഷ്ക ജ്വരം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്തു മസ്തിഷ്കജ്വരം വ്യാപിക്കാൻ കാരണമായി അമീബ വകഭേദങ്ങളും. 'തലച്ചോർ തീനി' എന്നറിയപ്പെടുന്ന 'നൈഗ്ലേരിയ ഫൗളരി (Naegleria fowleri)' എന്ന ഒറ്റയിനം അമീബയാണു മുൻപു കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമായിരുന്നത്. എന്നാൽ, അടുത്തകാലത്തു റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്കജ്വര കേസുകളിൽ മറ്റ് അമീബ വകഭേദങ്ങളും കാരണമായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

ബാലമുത്തിയ മാൻഡിലാരിസ് (Balamuthia mandrillaris), ഒകെന്തമീബ(Acanthamoeba), വെർമമീബ വെർമിഫോർമിസ്(Vermamoeba vermiformis) തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ കണ്ടെത്തിയത്. നിലവിൽ നൈഗ്ലേരിയ ഫൗളരി എന്ന ഇനം അമീബബാധയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്നുകളുടെ സംയുക്തം തന്നെ ഇവയ്ക്കും മരുന്നായി ഉപയോഗിക്കാമെന്നതിനാൽ ആശങ്കയ്ക്കു വകയില്ലെന്നും ആവശ്യത്തിനു മരുന്നു സംസ്ഥാനത്തു സംഭരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് പറയുന്നു.


🌀 മലിനജലത്തിൽ മാത്രമല്ല, ഒഴുകുന്ന വെള്ളത്തിലും മണ്ണിലും പൊടിപടലങ്ങളിലും വരെ ഈ വകഭേദങ്ങളുടെ സാന്നിധ്യമുള്ളതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണ്.

🌀 അന്തരീക്ഷ താപനിലയിലെ വ്യതിയാനമാണ് അമീബയുടെ വളർച്ചയെ സഹായിക്കുന്നത്. പെട്ടെന്നുള്ള മഴയും പിന്നാലെയുള്ള കൊടുംചൂടും അമീബയുടെ വളർച്ചയ്ക്കു വേഗം കൂട്ടും.

🌀 2016 ൽ കേരളത്തിൽ ആദ്യമാ യി റിപ്പോർട്ട് ചെയ്തതു മുതൽ 2023 വരെ അമീബിക് മസ്‌തിഷ്ക ജ്വരത്തിന്റെ മരണനിരക്ക് 100% ആയിരുന്നു. കഴിഞ്ഞവർഷം മരുന്നു ലഭ്യമാകുകയും നേരത്തെ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ മരണനിരക്ക് 25 ശതമാനമായി കുറഞ്ഞു.

🌀 രോഗത്തിനു പ്രതിവിധിയായ മിൽറ്റിഫോസിൻ (Miltefosine) എന്ന മരുന്നുൾപ്പെടുന്ന കോക്ടെയിൽ (മരുന്നു സംയുക്ത‌ം) കേരളത്തിൽ ആവശ്യത്തിനു സംഭരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

🌀 കെട്ടിക്കിടക്കുന്ന മലിനജലമാണ് അമീബിക് മസ്ത‌ിഷ്കജ്വരത്തിനു കാരണമായി മുൻപ് വിലയിരുത്തിയിരുന്നത്, വേനൽക്കാലത്താണ് വ്യാപകമാകുമെന്നും. എന്നാൽ, സംസ്ഥാനത്തു മസ്തിഷ്കജ്വരം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത 2024, 2025 വർഷങ്ങളിലെ കണക്ക് ഈ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.

🌀 2024 ൽ മേയ് മുതൽ ഡിസംബർ വരെ എല്ലാ മാസവും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ -10. ഓഗസ്‌റ്റ് (8), ജൂലൈ (5), സെപ്റ്റംബർ (5), നവംബർ (4), ജൂൺ (2), മേയ് (1), ഡിസംബർ (1) എന്നിങ്ങനെയാണ് രോഗവ്യാപനം.


🌀 പ്രതിരോധ മാർഗങ്ങൾ:

• നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

• നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.

• ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.

• ജലാശയങ്ങളുമായി ബന്ധപ്പെട്ട

പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

• നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പ‌ാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്‌ത്‌, ശരിയായ രീതിയിൽ പരിപാലിക്കണം.

• സ്പ്രിങ്ക്ളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

• തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്.

• ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

• ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക

• പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.

• ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.


📋Based On Newspaper Reports on 23/08/25, August.

Comments