മണിപ്ലാന്റ് വീടിനുള്ളിൽ വളർത്താം | Money Plant

   


   വീടിനുള്ളിലെ പരിമിതമായ

അന്തരീക്ഷത്തിൽ വളർത്താൻ യോജിച്ച ചെടികളിൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ് മണി പ്ലാന്റ് അഥവാ സിൻഡാപ്സസ് (Scindapsus).അധിക ശ്രദ്ധയൊന്നും നൽകിയില്ലെങ്കിലും പോത്തോസ് (Pothos) എന്നും അറിയപ്പെടുന്ന ഈ ചെടി ഭംഗിയോടെ, ആരോഗ്യത്തോടെ വളരും.വീടിനുള്ളിലെ മലിനവായു ശുദ്ധീകരിക്കാൻ കഴിവുള്ള ചെടിയിനങ്ങളിൽ പ്രധാനിയാണ് മണി പ്ലാന്റ്.

 പലരാജ്യക്കാർക്കും മണി പ്ലാന്റ് ഒരു ലക്കിപ്ലാന്റ് കൂടിയാണ്. ഈ ചെടിയുടെ പേരിലുള്ള 'മണി' സമ്പത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചൈന ഉൾപ്പെടെ പല ദേശക്കാരും വിശ്വസിക്കുന്നു.



പച്ചയും മഞ്ഞയും നിറമുള്ള ഇലകളോടുകൂടിയ ആദ്യകാല ചെടിക്കൊപ്പം മുഴുവനായി ഇളം മഞ്ഞനിറത്തിൽ ഇലകൾ ഉള്ളവ, പച്ചയ്ക്കൊപ്പം വെള്ളനിറം കൂടി ഇലകളിൽ ഉള്ളവ, മഞ്ഞയോ വെള്ളയോ പുള്ളിക്കുത്ത് അല്ലെങ്കിൽ വരകളോടുകൂടിയവ തുടങ്ങി പലതരം മണിപ്ലാന്റ് ഇനങ്ങളുണ്ട്. മണി പ്ലാന്റിന്റെ നൂതന സങ്കരയിനങ്ങൾ കൂമ്പുനുള്ളി കുറ്റിച്ചെടിയായും പരിപാലിക്കാം.

ഹരിത ഭിത്തി തയ്യാറാക്കാൻ, പാത്രത്തിൽ നിറച്ച വെള്ളത്തിൽ പരിപാലിക്കാൻ, തൂക്കിയിട്ടു വളർത്താൻ, ടീപോയ്, മേശ എന്നിവയിൽ ആകർഷകമായ ട്ടികളിൽ വളർത്താനുമെല്ലാം മണി പ്ലാന്റിന് നല്ല ഡിമാൻഡാണ്.മണിപ്ലാന്റിന്റെ തണ്ട് ഉപയോഗിച്ച് പുതിയ ചെടികൾ അനായാസം ളർത്തിയെടുക്കാൻ പറ്റും. അധികം പ്രായമാകാത്ത തണ്ടാണ് ഇതിനായി വേണ്ടത്. തിരഞ്ഞെടുത്ത തണ്ടിന്റെ മുട്ട് ഉൾപ്പെടെ ഒരിഞ്ച് നീളമുള്ള 8-10 കഷണങ്ങൾ റബ്ബർ ബാൻഡുകൊണ്ട് ചുറ്റി കെട്ടിയെടുത്തശേഷം തണ്ടിന്റെ ചുവട് മാത്രം മുങ്ങുന്ന വിധത്തിൽ ചില്ലുഗ്ലാസിൽ നിറച്ച വെള്ളത്തിൽ റക്കിവയ്ക്കണം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വേരുകൾ ഉണ്ടായിവരും.ആവശ്യത്തിന് വേരുകളായാൽ റബ്ബർബാൻഡ് നീക്കി നടാം.



അധികമായി പച്ചനിറമുള്ളവ വീടിനുള്ളിലെ പ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.മഞ്ഞയോ വെള്ളയോ നിറം അധികമായി ഉള്ളവ കൂടുതൽ പ്രകാശം കിട്ടുന്നിടത്ത് വേണം വളർത്താൻ. വേഗത്തിൽ വളരുന്ന വള്ളിച്ചെടിയായതിനാൽ ചട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താങ്ങിൽ അനായാസം പടർത്തിക്കയറ്റാം. ബാൽക്കണിയുടെ ഭിത്തിയിൽ തടിയുടെ വീതികുറഞ്ഞ പട്ടികകൊണ്ട് ആകർഷകമായി ഒരുക്കിയെടുത്തും പടർത്താം.

ചില്ലുപാത്രത്തിൽ ആവശ്യത്തിന് ശുദ്ധജലം നിറച്ച്, ചെടിനിവർത്തി നിർത്താൻ ചുറ്റും വെള്ളാരം കല്ലുകൾ നിരത്തി പരിപാലിക്കാം.കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ ഒന്നുരണ്ട് തുള്ളി വേപ്പണ്ണ വെള്ളത്തിൽ ഒഴിക്കുന്നത് നന്നാവും. സെറാമിക്, ഫൈബർ ചട്ടികളിലും ഗ്ലാസ് ബൗളിലും ഈ അലങ്കാരച്ചെടി വളർത്താം. തിരഞ്ഞെടുത്ത അലങ്കാരപാത്രത്തിൽ മുഴുവനായി ഇറക്കിവയ്ക്കാൻ പറ്റിയ പ്ലാസ്റ്റിക് ചട്ടിയിൽ മിശ്രിതം നിറച്ച് ചെടി നടണം.മിശ്രിതത്തിന്റെ മുകൾഭാഗം മറയുന്ന വിധത്തിൽ വർണക്കല്ലുകൾ നിരത്താം.



ചേമ്പുവർഗത്തിൽപ്പെടുന്ന ഈ ഇലച്ചെടി മനുഷ്യശരീരത്തിനുള്ളിൽ കടന്നാൽ അലർജി ഉണ്ടാക്കാൻ കാരണമാകാറുള്ളതുകൊണ്ട് കുട്ടികൾക്ക് എത്താത്ത ഉയരത്തിൽ വളർത്താൻ ശ്രദ്ധിക്കുക.


Comments