ദിവ്യചക്ഷുസ്സുള്ള സഞ്ജയൻ | Charioteer and Advisor of Dhritarashtra

 സഞ്ജയൻ 



മഹാഭാരതത്തിലെ കുരുവംശത്തിലെ രാജാവായ ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ കുരുക്ഷേത്രത്തിൽ നടന്ന കൗരവപാണ്ഡവയുദ്ധം അന്ധനായ ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുന്നത് സഞ്ജയനാണ്. 



യുദ്ധാരംഭത്തിന്‍റെ തലേ ദിവസം വ്യാസ മഹര്‍ഷി പുത്രനായ ധൃതരാഷ്ട്രരെ കാണാനെത്തി. പുത്രനോട് അദ്ദേഹം പറഞ്ഞു. യുദ്ധഫലം എന്താകുമെന്നു എനിയ്ക്ക് മുന്‍കുട്ടി അറിയാം, നീ യുദ്ധം നേരിട്ട് കാണാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ ഞാന്‍ നിനക്ക് ദിവ്യചക്ഷുസ്സു നല്‍കാം. ധൃതരാഷ്ട്രര്‍ പൊട്ടിക്കരഞ്ഞു. പിതാവേ ! എല്ലാം ഭഗവാന്‍ എനിയ്ക്ക് കാണിച്ചു തന്നു. അതില്‍ കൂടുതലായി ഒരത്ഭുതവും ഭവിയ്ക്കില്ല. ദു:ഖിയ്ക്കാതിരിയ്ക്കൂ പുത്രാ വിധിയുടെ വിളയാട്ടം തടുക്കാന്‍ ആർക്കുമാവില്ല. ഞാന്‍ സഞ്ജയന് ദിവ്യ ചക്ഷുസ്സു നൽകാം. അതോടെ അയാളുടെ നേത്രങ്ങള്‍ക്ക് യുദ്ധ രംഗത്തെ സംഭവങ്ങള്‍ ഒന്നൊന്നായി കാണാന്‍ കഴിയും. ഓരോരുത്തരുടെയും മനോവ്യാപാരങ്ങള്‍ പോലും, സഞ്ജയന് പൂര്‍ണ്ണമായും നിരീക്ഷിച്ചു മനസ്സിലാക്കാന്‍ കഴിയും. അയാള്‍ക്ക് വിശപ്പും ദാഹവും ഉണ്ടാകില്ല. പകല്‍ മുഴുവന്‍ സഞ്ജയന്‍ യുദ്ധ രംഗങ്ങള്‍ വീക്ഷിയ്ക്കും. രാത്രി അതിന്‍റെ ഒരു യഥാതഥ വിവരണം അയാള്‍ നിനക്ക് നല്‍കും. നിന്‍റെ മക്കള്‍ എന്തുകൊണ്ട് എങ്ങനെ മരണപ്പെട്ടു എന്ന് നീ അറിഞ്ഞിരിയ്ക്കണം. അവരുടെ പാപം ഏതു വിധം ഹനിയ്ക്കപ്പെട്ടു എന്നും നീ മനസ്സിലാക്കണം.വ്യാസമഹര്‍ഷി, സഞ്ജയന് ദിവ്യചക്ഷസ്സു നല്‍കി, പുത്രനെ ആശ്വസിപ്പിച്ചു കൊട്ടാരം വിട്ടു. 

ധൃതരാഷ്ട്രർ

അനുഗ്രഹം നിമിത്തം സഞ്ജയൻ യുദ്ധവിവരങ്ങൾ എല്ലാം അപ്പപ്പോൾ ധൃതരാഷ്ട്രരെ അറിയിച്ചു കൊണ്ടിരുന്നു , ദുര്യോധനൻ കൊല്ലപ്പെട്ടതു വരെയുള്ള വിവരങ്ങൾ സഞ്ജയൻ അറിയിച്ചു . ദുര്യോധനൻ കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ അശ്വഥാമാവിന്റെ വിലാപം അസഹനീയമായി ഉയർന്നു , പ്രഭാതത്തിൽ ഈ വിലാപം കേട്ട് ഹൃദയം നുറുങ്ങിയ സഞ്ജയൻ നഗരത്തിലേക്കോടി , ദുര്യോധനൻ മരിച്ച ക്ഷണത്തിൽ തന്നെ വ്യാസൻ സഞ്ജയന് കൊടുത്ത ദിവ്യദൃഷ്ടിവരവും നഷ്ടപ്പെട്ടു പോയി 

ജീവിത സായാഹ്നത്തിൽ സഞ്ജയൻ ധൃതരാഷ്ട്രരും ഗാന്ധാരിയുമൊരുമിച്ചു വനത്തിലേക്ക് പോയി , എപ്പോഴും അദ്ദേഹം ധൃതരാഷ്ട്രർക്ക് കൈത്താങ്ങായി നടന്നു , ധൃതരാഷ്ട്രാദികൾ വനത്തിൽ കൂടി നടക്കുമ്പോൾ ഒരു കാട്ടുതീ കാണപ്പെടുകയും ക്ഷണനേരം കൊണ്ട് അത് അവരെ വലയം ചെയ്യുകയും ചെയ്തു . ഓടിരക്ഷപ്പെടാൻ ധൃതരാഷ്ട്രർ സഞ്ജയനോട് പറയുന്നുണ്ട് , ധൃതരാഷ്ട്രാദികൾ തീയിൽ അഗ്നിയിൽ ദഹിക്കുന്നതിനെ പറ്റി ഓർത്തുനിന്ന സഞ്ജയനോട് ധൃതരാഷ്ട്രർ പറയുകയാണ് , നാടും വീടും വിട്ടു വന്നവർഅഗ്നിയിൽ പെട്ട് മരിക്കുന്നതിൽ തെറ്റ് ഒന്നും കാണുന്നില്ല എന്ന് , ശേഷം ധൃതരാഷ്ട്രരുടെ നിർബന്ധം നിമിത്തം സഞ്ജയൻ അവിടെ നിന്നും ഓടിപോയി , ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും അഗ്നിയിൽ പെട്ട് മരിക്കുകയും , സഞ്ജയൻ ഈ വിവരം ഗംഗാതടത്തിൽ വന്നു മഹര്ഷിമാരെ അറിയിക്കുകയും ശേഷം ഹിമാലയത്തിലേക്ക് പോവുകയും ചെയ്തു.


✍️ anildast29@gmail.com 

Comments