തണുപ്പു കാലത്തെ ചർമ്മ സംരക്ഷണം ആയുർവേദത്തിൽ | Skin Care Tips in Winter Season

മഞ്ഞുകാലമാകുമ്പോൾ അന്തരീക്ഷത്തിലെ തണുപ്പ് വർദ്ധിക്കുകയും, അതിനോട് അനുബന്ധമായി പല ത്വക് രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും,അതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആയുർവേദം നിർദേശിക്കുന്ന രീതികളും ഔഷധ പ്രയോഗങ്ങളെ കൊണ്ടും സാധിക്കും.


ത്വക്കിലുണ്ടാകുന്ന വിണ്ടുകീറൽ, വരൾച്ച, പാടുകൾ എന്നിവ തടയാൻ:

• വെളിച്ചെണ്ണ, നെയ്യ്, വെണ്ണ മുതലായവ പുരട്ടുക

• കൈകാലുകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം ശതധൗതഘൃതമോ, പിണ്ഡതൈലമോ പുരട്ടാം.

• ആര്യവേപ്പ്, മഞ്ഞൾ എന്നിവ ചേർത്തരച്ചു പുരട്ടുന്നതും നല്ലതാണ്.

• അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ തോൽ ഇട്ട് വെന്തവെള്ളം കുളിക്കാൻ ഉപയോഗിക്കാം.

• ആഴ്ചയിൽ രണ്ട് മൂന്ന് തവണയെങ്കിലും എണ്ണതേച്ച് മൃദുവായി തിരുമ്മി ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

• ആര്യവേപ്പ്, ആടലോടകം, പുളിയില,കരിനൊച്ചി,നെല്ലിക്കാ പ്പൊടി, ത്രിഫല ചൂർണം, നാൽപ്പാമരത്തൊലി എന്നിവയിലേതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം നല്ലത്.

• കുളി കഴിഞ്ഞ ശേഷം ശുദ്ധമായ വെളിച്ചെണ്ണ പുരട്ടാം.

• അമിതമായ എണ്ണമയം മാറുന്നതിന് ഇഞ്ചയോ / പയറുപൊടിയോ /കടലമാവോ ഉപയോഗിക്കാം, ഇത് വരൾച്ച കുറയ്ക്കും

• തൊലിപ്പുറത്തുണ്ടാകുന്ന നിറം മാറ്റങ്ങൾക്കും പാടുകൾക്കും നെല്ലിക്കപ്പൊടി,ത്രിഫലചൂർണം എന്നിവ കയ്യോന്നിനീരിലോ നീലയമരിച്ചാറിലോ അരച്ചു പുരട്ടുന്നത് നല്ലതാണ്.

• തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പൊട്ടലുകൾ, ഉൾഭാഗത്തുള്ള പഴുപ്പ് എന്നിവയ്ക്ക് കറ്റാർവാഴ ജെല്ലിൽ മഞ്ഞൾപ്പൊടി ഇട്ട് പുരട്ടാവുന്നതാണ്.

• ത്രിഫല ചൂർണം /മഞ്ഞൾ/ നെല്ലിക്കപ്പൊടി എന്നിവയിലേതെങ്കിലും ശുദ്ധമായ തേങ്ങാപ്പാലിൽ അരച്ച് ദേഹത്ത് പുരട്ടുക വഴി ചർമ്മ വരൾച്ച ഒഴിവാക്കാം.


മഞ്ഞുകാലത്ത് ഉപയോഗിക്കേണ്ട ആഹാരങ്ങൾ :

• വിവിധ തരം കഞ്ഞികൾ തേങ്ങാപ്പാൽ, ശുദ്ധമായ അല്പം നാടൻ നെയ്യ്, ചെറിയ ഉള്ളി മൂപ്പിച്ചത് എന്നിവ ചേർത്ത് കഴിക്കാം.

• വെള്ളം ഇളം ചൂടോടുകൂടി കുടിക്കുക. പതിമുഖം, കരിങ്ങാലി തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.

• മുരിങ്ങാക്കായ, ചെറുപയർ, വാഴക്കൂമ്പ്, നാളികേരം,ഉണക്കമുന്തിരി, നെല്ലിക്ക, ഉറുമാമ്പഴം, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.


മഞ്ഞുകാലത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ :

• എരിവും പുളിയും കുറയ്ക്കാം

• പഴകിയ ഭക്ഷണം, വീണ്ടും ചൂടാക്കിയ ഭക്ഷണം, ഫാസ്റ്റ് ഫുഡ്, തണുത്തതും ദഹിക്കാൻ പ്രയാസമേറിയതുമായ ഭക്ഷണം,പുളിപ്പിച്ച മാവ് കൊണ്ടുള്ള ഭക്ഷണം, എന്നിവ കഴിച്ചാൽ തണുപ്പ് കാലത്തെ ബുദ്ധിമുട്ടുകൾ കൂട്ടും.

• എരിവ്,പുളി, ഉപ്പ്,അച്ചാർ,തൈര്, പപ്പടം,എള്ള്, ഉഴുന്ന്,കിഴങ്ങുവർഗം, മത്സ്യം പ്രത്യേകിച്ച് ചെമ്മീൻ മുതലായവയുടെ ഉപയോഗം കുറയ്ക്കാം.


📧 anildast29@gmail.com


Comments