നോറോ വൈറസ് എന്താണ് ? | What is Norovirus

ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന  വൈറസുകളാണ് നോറോ വൈറസ്. അതിവ്യാപന ശേഷിയുളള നോറോ വൈറസ് വൊമിറ്റിങ് ബഗ്(winter vomiting bug) എന്ന് കൂടി അറിയപ്പെടുന്നു. Caliciviridae എന്ന വൈറസ് കുടുംബത്തിലാണ് നോറോ വൈറസ്.

1968-ൽ ഒഹായോയിലെ നോർവാക്ക് നഗരത്തിൽ ഈ രോഗം പടർന്നു പിടിച്ചു, അന്നു മുതൽ നോറോവൈറസ് എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. അതിസാരവും ചർദിയുമാണ് പ്രധാന ലക്ഷണം.


സാധാരണയായി വൈറസുമായി സമ്പർക്കം വന്ന് കഴിഞ്ഞ് 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കാം.  നോറോവൈറസ് അണുബാധയുടെ ലക്ഷണങ്ങൾ സാധാരണയായി 1 മുതൽ 3 ദിവസം വരെ നീണ്ടുനിൽക്കും.  മിക്ക ആളുകളും ചികിത്സ കൂടാതെ പൂർണ്ണമായും സുഖം പ്രാപിക്കുന്നു.ശൈത്യകാലത്താണ് നോറോവൈറസ് അണുബാധ കൂടുതലായി ഉണ്ടാകുന്നത്. ഇത് പലപ്പോഴും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണ് പൊട്ടിപ്പുറപ്പെടുന്നത്. ആരോഗ്യമുള്ളവരിൽ ​ഗുരുതരമായ രീതിൽ ബാധിക്കാൻ ഇടയില്ല. എന്നാൽ ചെറിയ കുട്ടികളെ ​ഗുരുതരമായി ബാധിക്കും, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.


എങ്ങിനെ പകരുന്നു ?

• വായിലൂടേയും വിസർജ്യങ്ങളിലൂടേയും ആണ് വൈറസ് സാധാരണയായി പടരുന്നത്.

• മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയോ ആകാം.

• മലിനമായ പ്രതലങ്ങളിലൂടെ

• രോഗബാധിതനായ വ്യക്തിയുടെ ഛർദ്ദിയിൽ നിന്ന് വായുവിലൂടെയോ പടരാം.

• വൃത്തിഹീനമായ ഭക്ഷണം തയ്യാറാക്കൽ, അടുത്തിടപഴകൽ എന്നിവ അപകടസാധ്യതാ ഘടകങ്ങളിൽ ഉൾപ്പെടുന്നു.


ലക്ഷണങ്ങൾ:

• വയറിളക്കം

• ഛർദ്ദി

• മനംപിരട്ടൽ

• വയറു വേദന

• അലസത

• ബലഹീനത

• പേശി വേദന

• തലവേദന

• കുറഞ്ഞ തോതിൽ പനി


പ്രതിരോധ മാർഗ്ഗങ്ങൾ:

• സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

• രോഗവ്യാപനം ഉണ്ടാകുന്ന വേളയില്‍ ഹൈപോക്ലോറൈറ്റ് സൊല്യൂഷന്‍ ഉപയോഗിച്ച് പ്രതലങ്ങള്‍ അണുവിമുക്തമാക്കണം.

• രോഗം ഉള്ളവർ വീട്ടിലിരിക്കേണ്ടതാണ്, ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം.

• രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം

• ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

• പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

• പഴകിയതും, തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ,തണുത്ത ഭക്ഷണം തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.


ലക്ഷണങ്ങൾ ഗുരുതരമായാൽ ഡോക്ടറുടെ സഹായം തേടണം. ആര്‍ടി പിസിആര്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഈ വൈറസിന് വാക്സിനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നത് പ്രതിരോധത്തില്‍ പ്രധാനമാണ്.


📧 anildast29@gmail.com

Comments