വേനലിൽ ശ്രദ്ധിക്കാൻ | Summer Health Tips

കടുത്ത വേനലിൽ ചില രോഗങ്ങൾ കൂടുതലായി കാണാറുണ്ട്. ഇത്തരം വേനൽക്കാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിശദമായി അറിയാം.


🥤നിർജലീകരണം :

ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് നിർജലീകരണത്തിന്(Dehydration)കാരണം. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതോടെ ശരീരത്തിൽനിന്ന് വെള്ളവും ലവണാംശങ്ങളും വിയർപ്പിന്റെ രൂപത്തിൽ നഷ്ട പ്പെടുന്നു. അതിനാൽ ദിവസവും രണ്ടര മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. ദ്രവരൂപത്തിലുള്ള ഭക്ഷണം. ഒ.ആർ.എസ്. ലായനി എന്നിവ നല്ലതാണ്. 


🥵ചൂടുകുരു :

ചൂട് കൂടുമ്പോൾ വിയർപ്പ് ഗ്രന്ഥികളിൽ തടസ്സമുണ്ടാകും. ആ സമയത്ത് വിയർപ്പ് ശരീരത്തിൽ കെട്ടിനിൽക്കും. ഇതോടെ ചർമോപരിതലത്തിൽ ചെറിയ കുരുക്കളുണ്ടാകും. ഈ കുരുക്കൾ ബാക്ടീരിയൽ അണുബാധയോ ഫംഗൽ അണുബാധയോ ആകാം.

• ചൂടുകുരു തടയാൻ ശരീരത്തിന് തണുപ്പ് നൽകുക. ഇതിനായി സാധാരണ വെള്ളത്തിൽ ദിവസവും രണ്ടുനേരം കുളിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ശരീരത്തിൽ ജലാംശം കുറയാതെ നോക്കണം.


🌤️സൂര്യാഘാതം :

അന്തരീക്ഷത്തിലെ താപനില പരിധിയിലധികം ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും, ഇത് ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തുപോകുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യും. ഇതുമൂലം ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ തകരാറുണ്ടാകും. ഈ അവസ്ഥയെ യാണ് സൂര്യാഘാതം എന്ന് പറയുന്നത്.

• വളരെ ഉയർന്ന ശരീരതാപം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, ചിലപ്പോൾ അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.


☀️സൂര്യാതാപം :

സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതാപം. കുടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാ താപമേറ്റ് ചുവന്ന് തടിക്കാം. വേദനയും പൊള്ളലും ഉണ്ടാവാം. ഈ സാഹചര്യത്തിൽ ഉടനടി ചികിത്സ തേടണം.

• ക്ഷീണം, തലകറക്കം, തലവേദന,പേശിവലിവ്,ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്,കഠിനമായ ദാഹം മൂത്രത്തിന്റെ അളവ് തീരേ കുറയുക,മൂത്രത്തിന്റെ നിറം കടും മയമാവുക,ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.

• ഉടൻ ചെയ്യേണ്ടത് :

സൂര്യാഘാതമോ സൂര്യാ താപമോ ഏറ്റാലുടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക. തണുത്ത വെള്ളംകൊണ്ട് മുഖവും ശരീരവും നനച്ച് ശരീരത്തിന് തണുപ്പ് നൽകുക. ധാരാളം പാനീയങ്ങൾ കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. തുടർന്ന് വേഗം ചികിത്സ തേടുക.


👱മഞ്ഞപ്പിത്തം :

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതുവഴി രോഗം ബാധിക്കാം. ചർമത്തിന് മഞ്ഞ നിറം,മഞ്ഞനിറത്തിലുള്ള മലം, മൂത്രം, ചർമത്തിലെ ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ ഏഴുവരെ ആഴ്ചകൾക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. 

• ശ്രദ്ധിക്കേണ്ടത് :

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കുടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്. കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത്ശുദ്ധീകരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽനിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലമുണ്ടായിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനുമുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിനുമുൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.


🙍ചിക്കൻപോക്സ് :

വേരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് ചിക്കൻ പോക്സ്. പനിയും തലവേദനയുമാണ് ചിക്കൻപോക്സിന്റെ ആദ്യ ലക്ഷണങ്ങൾ, വൈറസ് ബാധിച്ച് ഒരാഴ്ച കഴിയുമ്പോൾ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇവ പൊട്ടിക്കുന്നതും അതിൽ സ്പർശിക്കുന്നതും വൈറസ് വ്യാപിക്കാൻ ഇടയാക്കുന്നു. ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് ചികിത്സതേടുക. ചിക്കൻപോക്സിനെ പ്രതിരോധിക്കാൻ വാരിസെല്ല വാക്സിൻ ഉണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമാണ് വാക്സിനെടുക്കേണ്ടത്. 

• ശ്രദ്ധിക്കേണ്ടത് : ചിക്കൻപോക്സ് ബാധിച്ചവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിക്കണം. ഐസൊലേൻ സ്വീകരിക്കണം. ദിവസവും രണ്ടുനേരം ഇളംചൂടുവെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കണം. ശരീരം തേച്ചുരച്ച് കഴുകരുത്. മൃദുവായ തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കട്ടിയുള്ള തോർത്ത് ഉപയോഗിച്ച് തുടയ്ക്കരുത്. രോഗി തുമ്മുന്നതും ചുമയ്ക്കുന്നതും വഴി രോഗാണുക്കൾ വ്യാപിക്കാനിടയുണ്ട്. അതിനാൽ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നത് വ്യക്തിശുചിത്വം പാലിക്കാൻ സഹായിക്കും. എണ്ണയും മസാലകളും കുറഞ്ഞ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.


👁️ചെങ്കണ്ണ് :

വൈറസ്മൂലവും ബാക്ടീരിയമൂലവും ചെങ്കണ്ണ് ഉണ്ടാകാം. രോഗിയുടെ കണ്ണിൽ നിന്നുള്ള സ്രവം രോഗിയുടെതന്നെ കൈകളിലൂടെ മറ്റുള്ളവരുടെ കൈകളിലേക്കെത്തി അവരുടെ കണ്ണുകളിലെത്തുകയും അങ്ങനെ രോഗം പകരുകയും ചെയ്യുന്നു. കൺജങ്ടിവ അഥവാ കണ്ണു കളുടെ വെളുത്ത ഭാഗത്ത് ചുവപ്പ്, കണ്ണുകൾക്ക് ചുറ്റും ചൊറിച്ചിൽ, കണ്ണിൽനിന്ന് സ്രവം ഒഴുകൽ. കണ്ണുവേദന എന്നിവയാണ് ലക്ഷണങ്ങൾ.

• രോഗം ബാധിച്ചാൽ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. കണ്ണുകൾ ഇടയ്ക്കിടെ ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. രോഗി ഇടയ്ക്കിടെ കൈ കഴുകി വൃത്തിയാക്കുകയും വേണം. രോഗി ഉപയോഗിച്ച സോപ്പ്, ടവൽ എന്നിവ മറ്റൊരാൾ ഉപയോഗിക്കരുത്.


🏜️ Image Credits: freepik

📧 anildast29@gmail.com

Comments

Post a Comment