എച്ച്3 എൻ2 പകർച്ചപ്പനി,ജാഗ്രത വേണം | Spreading H3N2 Influenza Virus, Be Alert


• 3 മാസത്തിലേറെയായി രാജ്യത്താകെ പടരുന്ന പനിക്കും കടുത്ത ചുമയ്ക്കും കാരണം ഇൻഫ്ലുവൻസ എ യുടെ ഉപവകഭേദമായ എച്ച് 3 എൻ2 വൈറസാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.

• സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് നൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

• കാലാവസ്ഥ മാറുന്നതിനെത്തുടർന്നുണ്ടാകുന്ന പനിയുടെ അസ്വാസ്ഥ്യങ്ങൾ അഞ്ചു മുതൽ ഏഴുവരെ ദിവസം നീണ്ടുനിൽക്കാം. മൂന്നു ദിവസം കൊണ്ടു പനി മാറും. എന്നാൽ, ചുമ മൂന്നാഴ്ച വരെ നീണ്ടു നിൽക്കാമെന്ന് ഐഎംഎയുടെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്റ്റാൻഡിങ് കമ്മിറ്റി അറിയിച്ചു. 

• ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകളെക്കുറിച്ച് വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ വഴി നിരന്തരം പരിശോധന നടത്തുന്ന ഗവേഷകർ എച്ച്3 എൻ2 വൈറസിനെയും നിരീക്ഷി ക്കുകയാണെന്നും അധികൃതർ അറിയിച്ചു.

• വൈറസ് ബാധയെത്തുടർന്നുള്ള രോഗങ്ങൾ വർധിച്ചതിന് അന്തരീക്ഷ മലിനീകരണവും ഒരു കാരണമാണ്. പതിനഞ്ചു വയസിൽ താഴെയും 50 വയസിനു മുകളിലുമുള്ളവർക്കാണ് വൈറസ് ബാധിക്കാൻ സാധ്യതയേറെ. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് ആന്റി ബയോട്ടിക്കുകൾ നൽകുന്നത് പരമാവധി കുറയ്ക്കണമെന്നു ഡോക്ടർമാരോട് ഐഎംഎ അഭ്യർഥിച്ചു.

• നിലവിൽ അസിത്രോമൈസിൻ, അമോക്സി ക്ലാവ് എന്നിവ ഒരു കരുതലുമില്ലാതെ നൽകുന്നുണ്ട്. ഇവ നൽകുമ്പോൾ രോഗിക്ക് പെട്ടെന്ന് ആശ്വാസം തോന്നുമെങ്കിലും വൈറസിന് മരുന്നിനോടുള്ള പ്രതിരോധം ശക്തമാക്കുന്നതിന് ക്രമരഹിതമായ ഈ ഉപയോഗം വഴിവയ്ക്കും. അമോക്സിലിൻ, നോർഫോക്സാസിൻ, ഓപ്രോഫോക്സാസിൻ, ഓഫോക്സാസിൻ, ലിവോഫോക്സാസിൻ എന്നിവയാണ് നിലവിൽ വ്യാപകമായി ദുരുപയോഗിക്കപ്പെടുന്ന ആന്റി ബയോട്ടിക്കുകൾ.  

• ഗർഭിണികൾക്കും കുട്ടികൾക്കും പ്രമേഹം, രക്തസമ്മർദം, വൃക്ക രോഗം തുടങ്ങി മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർക്കും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.


🤒രോഗലക്ഷണങ്ങൾ

• വരണ്ട ചുമ

• തൊണ്ടവേദന

• ശ്വാസംമുട്ടൽ

• ശരീരവേദന

• അതിസാരം

• ഛർദി


• കോവിഡ് സമാന ലക്ഷണങ്ങളോടു കൂടി അഞ്ചു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനിയുടെ വ്യാപന നിരക്കു താരതമ്യേനെ കൂടുതലാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗതീവ്രത അടിസ്ഥാന പ്പെടുത്തി മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ചികിത്സയും നിരീക്ഷ ണവും നടത്തുന്നത്.

• പത്തു ദിവസമാണു നിരീക്ഷണ കാലാവധി. കൂടുതൽ സമയം രോഗബാധിതരുമായി സമ്പർ ക്കത്തിൽ വരുന്നവരെ മാത്രമാണു നിലവിൽ നിരീക്ഷിക്കുന്നത്. 

ഇവർക്കു രോഗലക്ഷണങ്ങൾ കണ്ടാൽ രോഗം മൂർച്ഛിക്കാൻ കാത്തുനിൽക്കാതെ ഉടൻതന്നെ വൈദ്യസഹായം നൽകണം.


വിഭാഗങ്ങൾ മൂന്ന് :

(1) ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗബാധിതർ, (2) കിടത്തി ചികിത്സ ആവശ്യമുള്ളവർ,(3) ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലകറക്കം, ക്ഷീണം, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണു ചികിത്സയും നിരീക്ഷണവും നടത്തുന്നത്.

• എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർപോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരിൽ നിന്നുള്ള സാമ്പിൾ ജനിതക ശ്രേണീകരണത്തിന് ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച്3 എൻ2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാജില്ലയിലും പനിബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

• ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92% പേർക്കും പനിയും 86 ശതമാനത്തിനും ചുമയുമുണ്ട്. ശ്വാസതടസ്സം നേരിട്ടവർ 27 ശതമാനവും ശ്വാസംമുട്ടൽ അനുഭവപ്പെട്ടവർ 16 ശതമാന വുമാണ്. അടുത്തിടെ നടത്തിയ ഐസിഎംആർ സർവേയിൽ ഇങ്ങനെ ആശുപത്രിയിൽ വരുന്ന വരിൽ 16% പേർക്ക് ന്യുമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ ഉപവകഭേദം മൂലമുള്ള രോഗബാധ കുറഞ്ഞേക്കാമെന്നും വിദഗ്ദർ പറയുന്നു.

• പനിബാധിതർ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.



📌 All these data's are based on 2023 March 7 - Newspaper reports 

Comments