ഓർമ കൂട്ടും ഭക്ഷണങ്ങൾ | MEMORY BOOSTING FOODS


ഓർമനിലനിർത്താൻ സഹായിക്കുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളുണ്ട്. ഓരോ പ്രായത്തിലും ആവശ്യമുള്ളത് തിരിച്ചറിഞ്ഞ് അവ ആഹാരത്തിന്റെ ഭാഗമാക്കണം.

മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമ വർധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളുണ്ട്. ഇവ ഏതെന്ന് കൃത്യമായി മനസ്സിലാക്കി ദൈനംദിന ആഹാരത്തിന്റെ ഭാഗമാക്കണം.


👶🏻കുട്ടികൾക്ക് വേണം പോഷകങ്ങൾ ജനിച്ച് ആറുമാസത്തിനുശേഷം മുലപ്പാലിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കളും കൊടുത്ത് തുടങ്ങാം. മാംസ്യം, സിങ്ക്, അയേൻ, കോളിൻ, ഫോളേറ്റ്, അയഡിൻ, വിറ്റാമിനുകകളായ എ, ഡി, ബി 6, ബി 12, ലോങ്ങ് ചെയിൻ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നീ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷ്യപദാർഥങ്ങൾ കുട്ടികൾക്ക് നൽകാം. ഇത് അവരുടെ ബുദ്ധിയെയും ഓർമയേയും ഉത്തേജിപ്പിക്കാൻ സഹായിക്കും. കടൽ മത്സ്യങ്ങൾ, ബീൻസ്, നട്സ്, പാലുത്പന്നങ്ങൾ, മാംസം, പയർ, പരിപ്പ് വർഗങ്ങൾ, മുഴുധാന്യങ്ങൾ, ഇലക്കറികൾ,പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, കാരറ്റ്, മധുരക്കിഴങ്ങ്, നാരങ്ങ ഒഴികെയുള്ള പഴവർഗങ്ങൾ, മഞ്ഞൾപ്പൊടി, എള്ള് എന്നിവയിൽ മേൽപ്പറഞ്ഞ പോഷകങ്ങൾ ധാരാളമായി കാണപ്പെടുന്നു.


🧔🏻മധ്യവയസ്സ് പിന്നിട്ടവർ ഓർമ നിലനിർത്താൻ സഹായിക്കുന്ന ആഹാരമാണ് ശീലമാക്കേണ്ടത്. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചാള, ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി ഉപയോഗിക്കാം. കൂടാതെ കൂൺ, ചണപ്പയർ, എള്ള്, ചിയാ വിത്ത് തുടങ്ങിയവയും കൂടുതലായി ഉപയോഗിക്കാം. ഇവ കൂടാതെ ആൽഫ ലിപോയിക് ആസിഡ് അടങ്ങിയ ബ്രോക്കോളി, ചേന, ഉരുളക്കിഴങ്ങ്, കാരറ്റ്, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്താം.

മഞ്ഞൾപ്പൊടിയിലെ കുർക്കുമിൻ ഓർമശക്തി കൂട്ടാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ചുവന്ന മുന്തിരി, ഗ്രീൻ ടീ ,ഡാർക്ക് ചോക്ലേറ്റ് എന്നിവയും ഓർമശക്തിക്ക് നല്ലതാണ്. വിറ്റാമിൻ കെ അടങ്ങിയ അവക്കാഡോ, ഇരുണ്ട നിറത്തിലുള്ള ഇലക്കറികൾ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.


🧓മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിക്കുന്ന സമയമാണ് വാർധക്യം, ഓർമശക്തി നിലനിർത്താൻ സഹായിക്കുന്ന ആഹാരങ്ങൾ ശീലമാക്കി മറവിയെ ഒരുപരിധിവരെ മറികടക്കാവുന്നതാണ്. വാർധക്യത്തിൽ വിറ്റാമിൻ ബി 12, ഒമേഗ-3 എന്നിവ അടങ്ങിയ ഓർമശക്തിയെ നിലനിർത്താൻ സഹായിക്കുന്ന ആഹാരങ്ങൾ ശീലമാക്കാം. അവക്കാഡോ, ബ്ലൂബെറി, ബീറ്റ്റൂട്ട്, വെർജിൻ കോക്കനട്ട് ഓയിൽ, ഇലയുള്ള പച്ചക്കറികൾ, മഞ്ഞൾപ്പൊടി, മുഴുധാന്യങ്ങൾ എന്നിവ ഉപയോഗിക്കാം.

ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും രോഗാവസ്ഥയും കണക്കിലെടുത്തുവേണം ഏതെല്ലാം ആഹാരസാധനങ്ങൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത്.



Comments