ഫെയ്സ് ക്രീമുകൾ വൃക്കരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തൽ | BEAUTY CREAM FOUND TO CAUSE KIDNEY DISEASE

ഫെയ്സ് ക്രീമുകൾ വൃക്കരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തൽ | BEAUTY CREAM FOUND TO CAUSE KIDNEY DISEASE



സൗന്ദര്യം വർധിപ്പിക്കുന്നതിനായി കണ്ണിൽക്കണ്ട ക്രീമുകൾ വാരിപ്പുരട്ടുന്നവർ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാ ക്രീമുകൾ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേതാണ് കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിമുതൽ ജൂൺ വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എൻ.)[Membranous nephropathy (MN)] എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽപ്പേരും തൊലിവെളുക്കാൻ ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചവരാണ്.
പതിന്നാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ വന്നപ്പോൾ, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്ന് അന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയർനസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാൽ ഇതാണ് രോഗകാരണമെന്ന് ആ സന്ദർഭത്തിൽ ഉറപ്പിക്കാനാകുമായിരുന്നില്ല. ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവർക്കും അപൂർവമായ നെൽ 1 എം.എൻ. പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു.
പിന്നീട് 29 കാരൻകൂടി സമാനലക്ഷണവുമായി വന്നു. ഇയാൾ രണ്ടു മാസമായി ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവൻ രോഗികളേയും വരുത്തി. ഇതിൽ എട്ടുപേർ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവർ ഉപയോഗിച്ച ഫെയ്സ്ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയൽ
ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റു മാരായ ഡോ. സജീഷ് സഹദേവനും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു. പരിശോധനയിൽ മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളിൽ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകളെ സംബന്ധിച്ചോ വിവരം ഉണ്ടായിരുന്നില്ല.

ഓപ്പറേഷൻ സൗന്ദര്യ

ഓപ്പറേഷൻ സൗന്ദര്യ എന്നപേരിൽ ഫെബ്രുവരിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷൻ തണുത്തതോടെ വ്യാജ ഉത്പന്നങ്ങൾ വീണ്ടും വ്യാപകമായി വെളുക്കാൻ തേക്കുന്ന ക്രീമുകൾ, ഫെയ്സ് ലോഷൻ, ഷാംപൂ, സോപുകൾ, നെയിൽ പോളിഷ് തുടങ്ങിയവയാണ് പാകിസ്താൻ, തുർക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലിൽ എത്തുന്നത്.

Comments