കേരളത്തിൽ പ്രസവാനന്തര വിഷാദം കൂടുന്നു | Postpartum Depression In Kerala

കേരളത്തിൽ പ്രസവാനന്തര വിഷാദം കൂടുന്നു | Postpartum Depression In Kerala


• സന്തോഷകരമായ മാതൃത്വത്തിനിടയിലും കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സർവേ, ബയോ സയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023-ൽ നടത്തിയ സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ തന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു.

• കേരളത്തിൽ ജനിച്ചുവളർന്ന 25 മുതൽ 40വരെ പ്രായമുള്ള 150 അമ്മമാരിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 53.9 ശതമാനം പേരേ പ്രസവാനന്തര മനഃസംഘർഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാൽ, 77.3 ശതമാനം പേരിൽ ലക്ഷണങ്ങൾ കണ്ടു. ഇതിൽ 28.3 ശതമാനം പേർക്ക് ആറുമാസവും 24.2 ശതമാനം പേർക്ക് ഒരുവർഷം വരെയും പ്രസവാനന്തര വിഷാദം നീണ്ടുനിന്നു. പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ 'ബേബി ബ്ലൂസ്(Baby Blues)' എന്നാണറിയപ്പെടുന്നത്. ഇത് കൂടുതൽകാലം നീണ്ടു നിൽക്കുകയും കൂടുതൽ തീവ്രമാവുകയും ചെയ്യുമ്പോൾ 'പോസ്റ്റ്പാർട്ടം ഡിപ്രഷൻ(Postpartum depression)' എന്ന വിഷാദാവസ്ഥയായി മാറുന്നു.

സംസ്ഥാനത്തെ തൃതീയ പരിചരണ സംവിധാനത്തിൽപ്പെടുന്ന ആശുപത്രികൾ, 2023 നവംബറിൽ നടത്തിനു മറ്റൊരു പഠനറിപ്പോർട്ട് കറന്റ് വിമെൻസ് ഹെൽത്ത് റിവ്യൂ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് പ്രസവശേഷം രണ്ടാഴ്ചമുതൽ ആറുമാസം വരെയുള്ള 427 സ്ത്രീകളിൽ 112 പേർക്ക് (26.2ശതമാനം) പ്രസവാനന്തര വിഷാദം കണ്ടെത്തി.


👩‍🍼ബേബി ബ്ലൂസും പോസ്റ്റ്പാർട്ടം ഡിപ്രഷനും

• പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളാണ് ബേബി ബ്ലൂസിന് പ്രധാന കാരണം. ഇത് പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കാൾ (പി.പി.ഡി) സൗമ്യമാണ്. 85 ശതമാനംവരെ സ്ത്രീകളിൽ ഇതു കാണാറുണ്ട്. എന്നാൽ, പി.പി.ഡി. കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സങ്കീർണ വിഷാദ സ്വഭാവമുള്ളതാണ്. രണ്ടവസ്ഥയിലും സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പൊതുവായുണ്ട്. തീവ്രതയിലാണ് പ്രധാനവ്യത്യാസം. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യമോ സങ്കടമോ വരുക എന്നീ അവസ്ഥകൾ തീവ്രമാണെങ്കിൽ ഡോക്ടർമാരുടെ ഉപദേശം തേടണം. ചുരുക്കം ചിലർക്ക് നവജാതശിശുവിനെ പരിപാലിക്കാനുള്ള കഴിവില്ലായ്മ തോന്നുകയും ആത്മഹത്യാ വരെ എത്തുകയും ചെയ്യാം.

👩‍🍼പരിഹാരമാർഗം

• പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൃത്യസമയത്ത് കണ്ടെത്തി കൗൺസലിങ്ങും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും നൽകുന്നത് ഫലപ്രദമായതും പാർശ്വഫലങ്ങളില്ലാത്തതുമായ മാർഗമാണ്. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരുമാണ് ഈ ഘട്ടത്തിൽ കൂടുതൽ കരുതൽ കാണിക്കേണ്ടത്.


🗞️ Based on newspaper reports on 07-01-2024

Comments