വിറ്റാമിൻ-കെ | Vitamin-K

വിറ്റാമിൻ-കെ | Vitamin-K


നമ്മുടെ ശരീരത്തിൽ മുറിവുണ്ടായാൽ എന്തുസംഭവിക്കും? കുറച്ചു രക്തം നഷ്ടപ്പെടും, എന്നാൽ, അല്പസമയം കഴിയുമ്പോഴോ? രക്തം കട്ടപിടിക്കുകയും രക്തസ്രാവം നിലയ്ക്കുകയും ചെയ്യും. ഇത്തരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ആരാണ്? അതിനുത്തരമാണ് വിറ്റാമിൻ-കെ(Vitamin-K).

• വിറ്റാമിൻ-കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടിനുകൾ നിർമിക്കുന്ന വിറ്റാമിനായാണ് അറിയപ്പെടുന്നത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ക്ലോട്ടിങ് ഫാക്ടർ-2,7,9,10 എന്നിവ നിർമിക്കാൻ വിറ്റാമിൻ-കെ ആവശ്യമാണ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോത്രോംബിൻ (Prothrombin) രക്തത്തിൽ കുറയുന്നതുമൂലമാണ് രക്തം കട്ടപിടിക്കാൻ കൂടുതൽ സമയമെടുക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിനും കരളിൻ്റെ പ്രവർത്തനങ്ങൾക്കും വിറ്റാമിൻ-കെ ആവശ്യമാണ്.


മൂന്നുതരം വിറ്റാമിൻ-കെ:

• വിറ്റാമിൻ-കെ കൊഴുപ്പിൽ അലിയുന്ന വിറ്റാമിനാണ്. ഇവ മൂന്നുതരത്തിൽ കാണപ്പെടുന്നു.

1. വിറ്റാമിൻ കെ-1 (Phylloquinone)

2. വിറ്റാമിൻ കെ-2 (Menaquinone) എന്നീ പ്രകൃത്യാ നിർമിക്കപ്പെടുന്ന വിറ്റാമിനും

3. വിറ്റാമിൻ കെ-3 (Menadione) എന്ന കൃത്രിമമായി നിർമിക്കുന്നവയും. ആദ്യത്തേത് ഇലക്കറികളിൽനിന്നാണ് ലഭിക്കുന്നത്. വിറ്റാമിൻ കെ-2 ആവട്ടെ ഇറച്ചി, ചീസ്, മുട്ട എന്നിവയിൽനിന്നും കൂടാതെ നമ്മുടെ വയറിൻ്റെയും കുടലുകളുടെയും ആന്തരികഭിത്തികളിൽ അടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകൾ ഇത് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അത് ചെറുകുടലുകളിൽ ആഗിരണം ചെയ്യപ്പെടുകയും കരളിലും കൊഴുപ്പു കോശങ്ങളിലും ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അതു കൊണ്ടുതന്നെ നിരന്തരം ആൻറിബയോട്ടിക് ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ-കെയുടെ കുറവ് കാണപ്പെടാറുണ്ട്. ജനിക്കുന്ന കുട്ടികളുടെ വയറ്റിൽ ബാക്ടീരിയകൾ അടങ്ങിയിട്ടില്ലാത്തതിനാൽ അവരിൽ വിറ്റാമിൻ-കെയുടെ കുറവ് കാണുന്നു.


വിറ്റാമിൻ-കെ 1 അടങ്ങിയ ഭക്ഷണങ്ങൾ:

• കടും പച്ചനിറത്തിലുള്ള ഇലക്കറികളിലാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്.

• അവക്കാഡോ

• ഗ്രീൻപീസ്

• കിവിപഴം

• ലെറ്റ്യൂസ്

• സ്പിനാച്ച്

• ബ്രൊക്കോളി

• കോളിഫ്ലവർ

• മുന്തിരി

വിറ്റാമിൻ-കെ 2 അടങ്ങിയ ഭക്ഷണങ്ങൾ:

• മുട്ട

• ചീസ്

• ചിക്കൻ

• മത്സ്യം

• നാറ്റോ(natto)

• പോർക്ക്

• ബീഫ്


രോഗങ്ങൾ:

• വിറ്റാമിൻ-കെ യുടെ കുറവ് പ്രകടമായ അസുഖങ്ങൾക്ക് കാരണമാകുന്നില്ല. എന്നാൽ, മുറിവുണ്ടാകുമ്പോൾ അവ കട്ടപിടിക്കാൻ സമയമെടുക്കുന്നത് ഇവയുടെ കുറവുകൊണ്ടാണ്. കൂടാതെ എല്ലുകളുടെ ആരോഗ്യവും വിറ്റാമിൻ-കെ ചെറിയൊരളവിൽ നിയന്ത്രിക്കുന്നു. കാൽസ്യം, വിറ്റാമിൻ-കെ ഇവയുടെ കുറവുമൂലം ഇത്തരത്തിൽ എല്ലുകൾ ദുർബലമാകുന്ന അവ സ്ഥയ്ക്ക് 'ഓസ്റ്റിയോപോറോസിസ് (Osteoporosis) എന്നാണ് പറയുന്നത്.

• ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന വിറ്റാമിൻ-കെ വളരെ ചെറിയ അളവിലാണ് ശരീരത്തിൽ രക്തത്തിലൂടെ സഞ്ചരിക്കുന്നത്. അത് വളരെ പെട്ടെന്നുതന്നെ നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ വീണ്ടും രക്തത്തിലേക്ക് അവയെ എടുക്കേണ്ടത് ആവശ്യമാണ്. എന്നാൽ, കൂടുതൽ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നതിനാലും നമ്മുടെ ശരീരത്തിൽത്തന്നെ ബാക്ടീരിയ അവ ഉത്പാദിപ്പിക്കുന്നതിനാലും വിറ്റാമിൻ-കെയുടെ കുറവുമൂലമുള്ള അസുഖങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകുന്നുള്ളൂ.


വി.കെ.ഡി.ബി
(Vitamin K Deficiency Bleeding):

• ജനിച്ച് ആറുമാസംവരെ വിറ്റാമിൻ-കെയുടെ കുറവു മൂലം ചില കുട്ടികളിൽ കാണാൻ സാധ്യതയുള്ള അവസ്ഥയാണിത്. കുട്ടികളുടെ ശരീരത്തിൽ പൊക്കിൾക്കൊടി വഴിയോ, മുലപ്പാൽ വഴിയോ ആണ് വിറ്റാമിൻ-കെ ലഭിക്കുന്നത്. അത് ലഭിക്കാതെവരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. അതുവഴി അവരുടെ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ-കെ ഇല്ലാതെവരുന്ന അവസ്ഥയുണ്ടാകുകയും ശരീരത്തിൽ രക്തം കട്ടപിടിക്കാതെ രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടാകുന്നത് അപകടകരമാണ്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി ജനിക്കുമ്പോൾത്തന്നെ കുട്ടികൾക്ക് കുത്തിവെപ്പിലൂടെ വിറ്റാമിൻ-കെ നൽകാറുണ്ട്.

Comments