കാട്ടിലെ 'വൈദ്യൻ'- റാക്കൂസ് | MEET 'DOCTOR' RAKUS

കാട്ടിലെ 'വൈദ്യൻ'- റാക്കൂസ് | MEET 'DOCTOR' RAKUS


🦧 പച്ചമരുന്നിലയുടെ നീരെടുത്ത് പുരട്ടി മുഖത്തെ മുറിവുണക്കി ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ഒറാങ്ങുട്ടാൻ. ഇൻഡൊനീഷ്യയിലെ ഗുനുങ് ലൂസർ ദേശീയോദ്യാനത്തിലെ താമസക്കാരനായ റാകൂസ് എന്ന സുമാത്രൻ ഒറാങ്ങുട്ടാനാണ്(Sumatran orangutan named Rakus) സ്വയം ചികിത്സിച്ച് മുറിവ് ഭേദമാക്കിയത്.

🦧 ഈ മേഖലയിലെ ഒറാങ്ങുട്ടാനുകളെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർ അവിചാരിതമായാണ് ഇതു കണ്ടെത്തിയത്. 2022-ലായിരുന്നു സംഭവം. കണ്ടെത്തലിന്റെ വിശദാംശങ്ങൾ 'സയന്റിഫിക് റിപ്പോർട്ട്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഒരു വന്യജീവി മരുന്നിലയുപയോഗിച്ച് സ്വന്തം മുറിവുണക്കുന്നത് ആദ്യമാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നതെന്ന് ലേഖനത്തിന്റെ സഹരചയിതാവും ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ബിഹേവിയറിലെ ജന്തുശാസ്ത്രജ്ഞയുമായ ഇസബെൽ ലോമർ പറഞ്ഞു.

🦧 തെക്കുകിഴക്കനേഷ്യയിലെ ആളുകൾ നീരും വേദനയും മാറ്റാനുപയോഗിക്കുന്ന വള്ളിച്ചെടിയായ ഫൈബ്രറിയ ടിൻടോറിയയുടെ ഇലകളാണ് റാകൂസ് സ്വയം ചികിത്സയ്ക്കുപയോഗിച്ചത്. മറ്റൊരു മൃഗത്തിൻ്റെ ആക്രമണത്തിലാണ് റാകൂസിൻ്റെ മുഖം മുറിഞ്ഞത്. മൂന്നാംദിനം മുതൽ അത് ചികിത്സ തുടങ്ങി. മരുന്നില പറിച്ച് ചവച്ച് നീരെടുത്ത് മുറിവിൽ പുരട്ടി പിന്നെ, ചവച്ച ഇല ബാൻഡേജുപോലെ മുറിവിനുമുകളിൽ പതിച്ചുവെച്ചു. അഞ്ചു ദിവസംകൊണ്ട് മുറിവുകൂടി. ഏതാനും ആഴ്ചകൊണ്ട് പൂർണമായി ഉണങ്ങി. മുറിവിലല്ലാതെ ശരീരത്തിൽ മറ്റൊരിടത്തും ഒറാങ്ങുട്ടാൻ മരുന്നു പുരട്ടിയില്ല.

🦧 മനുഷ്യരോട് അടുത്തുനിൽക്കുന്ന കുരങ്ങുവർഗജീവികളായ ചിമ്പാൻസികളും ഗൊറില്ലകളും വയറുവേദന മാറ്റാനും വിരശല്യമൊഴിവാക്കാനും പച്ചമരുന്നുകൾ ചവച്ചുതിന്നുന്നത് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മുറിവിനു ചികിത്സിക്കുന്നതായി കണ്ടെത്തിയത് ആദ്യമാണ്.


📰Based on News Reports on 4/05/2024

Comments