എന്താണ് അമീബിക് മസ്തിഷ്കജ്വരം ? | WHAT IS AMEBIC MENINGOENCEPHALITIS ?

എന്താണ് അമീബിക് മസ്തിഷ്കജ്വരം ? | WHAT IS AMEBIC MENINGOENCEPHALITIS ?



🦠 എന്താണ് അമീബിക് മസ്തിഷ്കജ്വരം(Amebic Meningoencephalitis)?

• നീഗ്ലേറിയ ഫൗളേറി(Naegleria fowleri) എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ അറിയപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല ഇത്. അമീബ ശരീരത്തിലേക്ക് കടന്നാൽ മാത്രമേ അസ്വസ്ഥതകൾ അനുഭവപ്പെടൂ. 


🦠 ലക്ഷണങ്ങൾ:

• ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല.

• ശക്തിയായ പനി

• ഛർദ്ദി

• തലവേദന

• അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ.

• രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു


🦠 രോഗം പടരുന്നത് എങ്ങിനെ?

• മാലിന്യം കലർന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും. അതിനാൽ തന്നെ ഇവ ഒഴിവാക്കണം.

• ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.

• കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.


🦠 രോഗനിർണ്ണയം നടത്തുന്നത് എങ്ങിനെ?

• സാധാരണഗതിയിൽ മസ്തിഷ്ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (മസ്തിഷ്കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ(Cerebro Spinal Fluid) രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണുമൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.


🦠 ചികിത്സ:

• ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.


🦠 അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

• മഴ തുടങ്ങുമ്പോൾ ഉറവിയെടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നത് ഒഴിവാക്കണം.

• സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക.

• പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

• നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക.

• മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക.

• തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

• നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

Comments