ഹീമോഫീലിയ: കുട്ടികൾക്ക് സൗജന്യമായി ‘എമിസിസുമാബ്’ ചികിത്സ രാജ്യത്ത് ഇത് ആദ്യം | ‘EMICIZUMAB’ For Children Under 18 Years Of Age; Kerala With Decision On Hemophilia Treatment; First In The Country

ഹീമോഫീലിയ: കുട്ടികൾക്ക് സൗജന്യമായി ‘എമിസിസുമാബ്’ ചികിത്സ രാജ്യത്ത് ഇത് ആദ്യം | ‘EMICIZUMAB’ For Children Under 18 Years Of Age; Kerala With Decision On Hemophilia Treatment; First In The Country



തിരുവനന്തപുരം: ഹീമോഫീലിയ(HEMOPHILIA) ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് (EMICIZUMAB) എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. നിലവിൽ നൽകിവരുന്ന മരുന്ന് ആഴ്ചയിൽ രണ്ടുത വണ എടുക്കണം. 30 മില്ലീഗ്രാമിന് 58,900 രൂപയാണ് പുതിയ മരുന്നിൻ്റെ വില. രോഗതീവ്രതയനുസരിച്ചാണ് മരുന്നിൻ്റെ അളവ് തീരുമാനിക്കുന്നത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

ആശാധാര പദ്ധതി

• ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. കേരളത്തില്‍ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശാധാര പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതല്‍ തിരഞ്ഞെടുത്ത രോഗികളില്‍ നമ്മള്‍ നല്‍കി വരുന്നുണ്ട്. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (prophylaxis-protective or preventive treatment,പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. 'ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

• കുട്ടികൾ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള കുത്തിവെപ്പുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽനഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതുമാണ്.


🩸 എന്താണ് ഹീമോഫീലിയ?

• രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ട്, ഫാക്ടർ ഒമ്പത് എന്നിവയുടെ അഭാവം മൂലമോ കുറവ് മൂലമോ ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കാത്ത അവസ്ഥ. ക്രിസ്മസ് രോഗം എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന 12 ഘടകങ്ങൾ ആണ് ഉള്ളത്. ഇവയെ ക്ലോട്ടിങ് ഫാക്ടറുകളെന്ന് വിളിക്കുന്നു. ഇവ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുന്നത്. ഇവയിൽ എട്ട്, ഒമ്പത് എന്നീ ഫാക്ടറുകളിൽ ഒന്ന് ഇല്ലാതാവുകയോ, കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകത്തിന്റെ അഭാവം കണക്കിലെടുത്ത് എ, ബി എന്നിങ്ങനെ രണ്ടായി ഹീമോഫീലിയയെ തരംതിരിച്ചിട്ടുണ്ട്. ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്‌. ആൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി പ്രകടമാകുന്നത്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ രക്തം കട്ടപിടിക്കാൻ താമസമുണ്ടാകും. അതിനാൽ ഈ ഭാഗങ്ങളിൽ ശരീരം മുഴച്ചുവരിക, ശരീരത്തിൽ രക്തസ്രാവമുണ്ടായാൽ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.


🗞️ Based on Reports on 27/07/2024

🗞️ Article Prepared & Published by Dr.ANILDAS T

Comments