ചെറുധാധ്യം കൊണ്ടുള്ള കഞ്ഞിക്കൂട്ട് | KARKIDAKA KANJI WITH MILLETS

ചെറുധാധ്യം കൊണ്ടുള്ള കഞ്ഞിക്കൂട്ട് | KARKIDAKA KANJI WITH MILLETS 



☘️ കർക്കടക ചികിത്സയിൽ മരുന്നുകൾ ചേർത്തുള്ള കഞ്ഞി കുടിക്കുന്നത് ദഹനശക്തി വർധിപ്പിക്കാനും ത്രിദോഷങ്ങളെ സമാവസ്ഥയിൽ നിർത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായകമാണ്. ഇപ്പോഴത്തെ ജീവിത ശൈലിയനുസരിച്ച് അരിക്കുപകരം ചെറുധാന്യങ്ങൾ ചേർത്തുള്ള കഞ്ഞിക്കൂട്ടാണ് കൂടുതൽ ഗുണപ്രദം. അത്തരത്തിൽ തയ്യാറാക്കി കഴിക്കാവുന്ന കഞ്ഞികൾ നമുക്ക് പരിചയപ്പെടാം.


1️⃣ വരക് ദശപുഷ്പക്കഞ്ഞി:

• പൂവാംകുറുന്നൽ, മുയൽച്ചെവിയൻ, കറുക, കയ്യോന്നി, നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നീ ചെടികൾ ചേർന്നതാണ് ദശപുഷ്പം. ഇവ സമൂലം നീരെടുത്തത് 250 മില്ലിലിറ്റർ.

• വെള്ളം- 1 ലിറ്റർ

• നാളികേരപ്പാൽ/ പശുവിൻപാൽ- 500 മില്ലിലിറ്റർ

• വരക്- 15 ഗ്രാം

ഇവയെല്ലാം ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകമാകുമ്പോൾ ഇറക്കി മൂപ്പിച്ച ജീരകവും ചുവന്നുള്ളിയും ചേർത്ത് ചൂടോടെ കഴിക്കുക.

☘️ദശപുഷ്പക്കഞ്ഞി രോഗ പ്രതിരോധശക്തി വർധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് പ്രമേഹബാധിതർക്കും അമിതവണ്ണമുള്ളവർക്കും ഗുണകരമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.


2️⃣ ഉണങ്ങിയ ഔഷധങ്ങൾ ചേർത്ത കഞ്ഞി:

• ശതകുപ്പ, ഉലുവ, ആശാളി, കക്കുംകായ എല്ലാം സമം ചേർത്ത് പൊടിച്ചെടുക്കുക. അതിൽനിന്ന് പത്തുഗ്രാമെടുത്ത് ഒരുലിറ്റർ വെള്ളത്തിൽ കലക്കി 500 മില്ലിലിറ്റർ പശുവിൻപാലും 15 ഗ്രാം വരകും ചേർത്ത് തിളപ്പിച്ച് കഞ്ഞി പാകത്തിൽ വാങ്ങിവയ്ക്കുക. അല്പം ജീരകവും, ചുവന്നുള്ളി അരിഞ്ഞതും പശുവിൻ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത് ചെറുചൂടോടെ കഴിക്കുക.


3️⃣ വരക് പത്തിലക്കഞ്ഞി:

• തകരയില, കുമ്പളയില, വെള്ളരിയില, മത്തനില, ചീര, ചേനയില, പയറില, കൊടിത്തുവയില, ചേമ്പിൻ്റെ താൾ, ഉഴിഞ്ഞില എന്നിവ ചതച്ച് നീരെടുത്തത്- 250 മില്ലിലിറ്റർ

• വെള്ളം- ഒരു ലിറ്റർ

• വരക്- 15 ഗ്രാം

• നാളികേരപ്പാൽ/ പശുവിൻപാൽ- 500 മില്ലിലിറ്റർ

എല്ലാം ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകമാകുമ്പോൾ വാങ്ങിവച്ച് അല്പം ജീരകവും ചുവന്നുള്ളി അരിഞ്ഞതും മൂപ്പിച്ചെടുത്ത് ചേർത്ത് ചെറുചൂടോടെ കഴിക്കുക.


🌾വരക് (KODO MILLET) ഉപയോഗിക്കുമ്പോൾ:

• തവിടുകളയാത്ത വരക് ഉപയോഗിക്കുന്നതാണ് ഉത്തമം. മുന്നുമണിക്കൂർ മുൻപ് വെള്ളത്തിലിട്ട് കുതിർത്താൽ കുടുതൽ നല്ലത്. ഇപ്രകാരം ഏഴുദിവസമോ 14 ദിവസമോ അല്ലെങ്കിൽ കർക്കടകമാസം മുഴുവനായോ കഞ്ഞിയുണ്ടാക്കി കുടിക്കാവുന്നതാണ്. ശരീരത്തിൻ്റെ ഓജസ്സും തേജസ്സും നിലനിർത്തുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും കർക്കടകക്കഞ്ഞി പ്രയോജനപ്പെടും.

Comments