മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം,‍ ബോൺമാരോ രജിസ്ട്രി തയ്യാറാകുന്നു | KERALA PREPARING BONE MARROW REGISTRY

മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം,‍ ബോൺമാരോ രജിസ്ട്രി തയ്യാറാകുന്നു | KERALA PREPARING BONE MARROW REGISTRY


കേരളത്തിൽ ആദ്യമായി ബോൺമാരോ രജിസ്ട്രി തയ്യാറാക്കു ന്നു. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികൾക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും ഈ രജിസ്ട്രി വഴി സാധിക്കും.


🦴 രക്താർബുദംപോലെ രക്തസംബന്ധമായ ഗുരുതരരോഗം ബാധിച്ചവർക്കാണ് സാധാരണ മജ്ജമാറ്റിവെക്കൽ ചികിത്സ വേണ്ടിവരുന്നത്. അനുയോജ്യരായ ദാതാക്കളെ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി. ആരോഗ്യവാനായ ആളിന്റെ മജ്ജയിൽ നിന്ന് ശേഖരിക്കുന്ന കോശങ്ങൾ (സ്റ്റെംസെൽ) ആണ് രോഗിക്ക് നൽകുന്നത്. രക്തകോശ ഉത്പാദകരായി കണക്കാക്കു ന്ന സ്റ്റെം സെല്ലുകൾ ആരോഗ്യമുള്ള കോശങ്ങൾ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. കീമോ തെറാപ്പിക്കും റേഡിയേഷനും വിധേയരായ രോഗികൾക്ക് പ്രതിരോധശേഷി കൂട്ടാൻ മജ്ജമാറ്റിവെക്കൽ ചികിത്സനടത്താറുണ്ട്. ഈ രംഗത്തെ ആഗോള സംഘടനയായ വേൾഡ് മാരോ ഡോണർ അസോസിയേഷൻ്റെ(World Marrow Donor Association (WMDA)) മാനദണ്ഡപ്രകാരമാണ് സ്വീകർത്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ കാൻസർ രജിസ്ട്രിയുമായി ഇതിനെ ബന്ധിപ്പിക്കും. രജിസ്ട്രി വരുന്നതോടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സർക്കാർതലത്തിൽ നിരീക്ഷണം വരും. അംഗീകൃത ചികിത്സാ കേന്ദ്രങ്ങൾക്ക് മാത്രമാകും വിവരം കൈമാറുക. അതോടെ ഈരംഗത്തെ പണമിടപാട് അടക്കമുള്ള ദുഷ്പ്രവണതകൾക്ക് തടയിടാനാകും.

🦴 മലബാർ കാൻസർ സെൻ്ററിനെ രജിസ്ട്രി നടത്തിപ്പിനുള്ള നോഡൽ ഏജൻസിയായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടത്തുന്നതിനുള്ള ഫണ്ട് അനുവദിക്കുക കെ-ഡിസ്ക്‌ക് (കേരള ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ആയിരിക്കും. പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റായും കെ-ഡിസ്‌ക്‌ പ്രവർത്തിക്കും. സ്റ്റാർട്ടപ്പുകളുടെ സഹായവും ഇതിനായി തേടും. രജിസ്ട്രി തയ്യാറാവുന്നതോടെ മജ്ജദാനത്തിന് സന്നദ്ധരായവർക്ക് പദ്ധതിയിൽ പങ്കുചേരുന്ന രക്തബാങ്കുകളിൽ രജിസ്റ്റർ ചെയ്യാം. നിർമിതബുദ്ധി, മെഷീൻ ലേണിങ് സങ്കേതങ്ങളും സ്വീകർത്താക്കളെ കണ്ടെത്താൻ ഉപയോഗപ്പെടുത്തും.

Comments