ഭീമൻ ജീനോം ഉള്ള കുഞ്ഞൻ സസ്യം | THIS TINY FERN HAS THE LARGEST GENOME

ഭീമൻ ജീനോം ഉള്ള കുഞ്ഞൻ സസ്യം | THIS TINY FERN HAS THE LARGEST GENOME

🧬 ഒരു ജീവിയുടെയോ സസ്യത്തിൻ്റേയോ മുഴുവൻ ഡി.എൻ.എയുടെയും പൂർണമായ വിവരണത്തെയാണ് അതിന്റെ ജീനോം(GENOME) എന്ന് പറയുന്നത്. അഡെനൈൻ, സൈറ്റോസിൻ, ഗ്വാനൈൻ, തൈമിൻ എന്നീ നാല് ബേസുകളിൽ അഡെനൈൻ തൈമിനുമായും ഗ്വാനൈൻ സൈറ്റോസിനുമായും ഹൈഡ്രജൻ ബോണ്ടിങ്ങിലൂടെ ചേർന്നുണ്ടാകുന്ന ബേസ് ജോഡികളുടെ വലിയ ശൃംഖലയാണ് ഡി.എൻ.എ മനുഷ്യരുടെ ജീനോമിൽ 3 ബില്യൺ ബേസ് ജോഡികൾ 23 ജോഡി ക്രോമോസോമുകളിലായി വിന്യസിച്ചിരിക്കുന്നു. മനുഷ്യനും സസ്യങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും സിക്താണ്ഡത്തിൽനിന്ന് തുടങ്ങി വളർന്ന് വികസിച്ച് ജീവിക്കാനാവശ്യമായ എല്ലാ വിവരങ്ങളും അവയുടെ ജീനോമിൽ അടങ്ങിയിട്ടുണ്ട്.

🧬 ആരാരും ശ്രദ്ധിക്കാത്ത, മറ്റ് സസ്യങ്ങളോട് കിടപിടിക്കാനുള്ള പ്രത്യേകതകൾ ഒന്നുമില്ലാത്ത ന്യൂ കാലിഡോണിയൻ ഫോർക് ഫേൺ (Caledonian fork fern- Tmesipteris oblanceolata) എന്ന ഒരു ചെറിയ പന്നൽ ചെടിയുടെ ജീനോം മനുഷ്യ ജീനോമിൻ്റെ 50 മടങ്ങ് വലുതാണ് എന്നുകേട്ടാൽ അദ്‌ഭുതപ്പെടില്ലേ? അതിന്റെ ജീനോമിൽ 160 ബില്യൺ ബേസ് ജോഡികളാണുള്ളത്. ഐ സയൻസ് (iScience) എന്ന ജേണലിലാണ്. ബൊട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാഴ്‌സലോണ (സ്പെയിൻ) യിലെ പരിണാമ ജീവ ശാസ്ത്രജ്ഞനായ ജൗമി പെല്ലിസറൂം സഹപ്രവർത്തകരും ഇതിന്റെ ജീനോമിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതിനുമുൻപ് കണ്ടെത്തിയ പാരീസ് ജാപോണിക്ക (Paris japonica) എന്ന ചെടിയുടെ ജീനോമിനെക്കാൾ 11 ബില്യൺ ബേസ് ജോഡികൾ ഈ ചെടിയുടെ ജീനോമിലുണ്ട്.

🧬 ജീവികളിൽ ഏറ്റവും കൂടുതൽ എണ്ണം ബേസ് ജോഡികളുള്ള ജീനോം(130 ബില്യൺ) മാർബിൾഡ് ലിങ് മത്സ്യ(Protopterus aethiopicus) ത്തിന്റെതും.

🧬 ഏറ്റവും കുറവ് (22.5 ലക്ഷം) സസ്തനികളിലെ ഒരു പരാദമായ ഇൻസാഫിലിറ്റോസൂൺ ഇന്റസ്റ്റിനാലിസിൻ്റേതും (Encephalitozoon intestinalis) ആണ്.

🧬 ജീനോമിന്റെ വലുപ്പത്തെക്കാളും പരിണാമ ജീവശാസ്ത്രജ്ഞന്മാരെ അദ്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. ഈ ഗവേഷണത്തിൽ പങ്കാളിയായ കി ബൊട്ടാണിക്കൽ ഗാർഡനിലെ (ലണ്ടൻ) ഇലിയ ലീച്ച് അത് വിശദീകരിക്കുന്നു. "അതിന്റെ ഇത്രയും വലിയ ജീനോമിൽ വളരെ കുറച്ച് എണ്ണം ജീനുകൾ മാത്രമേ പ്രോട്ടീൻ കോഡിങ്ങിനായി ഉപയോഗിക്കുന്നുള്ളൂ ആ ചെടിയുടെ ജൈവ സംവിധാനം ഇത്രയും എണ്ണത്തിൽനിന്ന് ആ കുറച്ച് ജീനുകളെ എങ്ങനെ കണ്ടെത്തും? അത് വൈക്കോൽ കൂനയിൽ സൂചി പരതുന്നതുപോലെയാണ്." അവർ മറ്റൊരു സംശയം കൂടി ഉന്നയിക്കുന്നു. ഡി.എൻ.എ നിർമാണത്തിനും കോശവിഭജനത്തിലൂടെ ഡിഎൻഎ പുനർനിർമിക്കാനും ധാതുപദാർഥങ്ങളുടെ ആവശ്യം വളരെ കൂടുതലായിരിക്കുമല്ലോ? അപ്പോൾ ഇത്രയധികം ആവശ്യമില്ലാത്ത ജീനുകൾ അധിക ഭാരമല്ലേ? അതെന്തിന് വേണ്ടിയായിരിക്കും? ഈ ചെടിയുടെ ജീനോം സീക്വൻസ് ചെയ്യൽ അസാധ്യമായിരിക്കുമെന്നും അഥവാ സീക്വൻസ് ചെയ്‌താൽത്തന്നെ അതിലെ വസ്‌തുതകൾ. മനസ്സിലാക്കുക കഠിനമായിരിക്കുമെന്നും പല ജീവശാസ്ത്രജ്ഞരും കരുതുന്നു.

🧬 ജീവികളുടെ ജീനോമിൻ്റെ വലുപ്പവും ജീവികളുടെ ശാരീരിക സങ്കീർണതയും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താൻ ശാസ്ത്ര ജ്ഞർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും വലിയ ജീനോം ഉള്ളവ ദീർഘായുസ്സുള്ളവയും പ്രത്യുത്പാദന കഴിവ് കുറവുള്ളവയാണെന്നും അവ പരിസ്ഥിതി മാറ്റത്തിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നവയാണെന്നും മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകയായ റോസ് മാർക്സ് അഭിപ്രായപ്പെടുന്നു. ന്യൂയോർക്ക് സർവകലാശാലയിലെ കെന്നത്ത് ബീർബോം ഈ നിരീക്ഷണത്തെ പിന്താങ്ങുന്നു. എന്തുകൊണ്ടാണ് ഇത്ര വലിയ ജീനോം എന്ന പ്രശ്ന‌ത്തിന് ശാസ്ത്രലോകം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തായാലും പൂവിടാത്ത ഈ ചെടിയുടെ സൗന്ദര്യം പുറത്തല്ല, അകത്താണ്.

Comments