പ്രദോഷമാഹാത്മ്യം, എന്താണ് പ്രദോഷം? | WHAT IS PRADOSHAM DAY

പ്രദോഷമാഹാത്മ്യം, എന്താണ് പ്രദോഷം? | WHAT IS PRADOSHAM DAY


പ്രദോഷമാഹാത്മ്യം

• വിദർഭരാജ്യം ഐശ്വര്യസമൃദ്ധമായിരുന്നു. ഇത് സാല്വരാജാവിൽ അസൂയ വളർത്തി. അദ്ദേഹം രാജ്യത്തെ ആക്രമിച്ച് വിദർഭരാജാവിനെ വധിച്ചു. അദ്ദേഹത്തിന്റെ 18 ഭാര്യമാരും പലദിക്കുകളിലേക്കും ഓടിരക്ഷപ്പെട്ടു. അവരിലൊരാൾ പൂർണഗർഭിണിയായിരുന്നു. കാട്ടിലെത്തിച്ചേർന്ന അവർ ഒരാൺകുഞ്ഞിന് ജന്മം നൽകി. ദാഹിച്ചുവലഞ്ഞ അവർ കുഞ്ഞിനെ തറയിൽക്കിടത്തി അടുത്തുകണ്ട നദിയിൽ വെള്ളം കുടിക്കാനിറങ്ങി. ഒരു മുതല അവരെ വിഴുങ്ങിക്കളഞ്ഞു.

അപ്പോഴാണ് ഭർത്താവ് നഷ്ടപ്പെട്ട ഉഷ എന്ന ബ്രാഹ്മണസ്ത്രീ തന്റെ ചെറുകുഞ്ഞിനെയുംകൊണ്ട് അതുവഴി വന്നത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് അവർ അവിടേക്കുചെന്നു. അപ്പോൾ ഒരു യതിവര്യൻ അവിടെ വരുകയും ഇത് രാജാവിന്റെ കുഞ്ഞാണെന്ന് പറയുകയും ചെയ്‌തു. ബ്രാഹ്മണസ്ത്രീ രണ്ടുകൈയിലായി രണ്ടു കുഞ്ഞിനെയുമെടുത്ത് നടന്നു. രാജാവിൻ്റെ മകന് ധർമഗുപ്തനെന്നും സ്വന്തം മകന് ശുചിവ്രതനെന്നും പേരിട്ട് രണ്ടുപേരെയും വളർത്തി. ദരിദ്രയായ അവർ ഓരോ ബ്രാഹ്മണവീട്ടിലും ചെന്ന് ഭിക്ഷയാചിച്ചാണ് കുട്ടികളെ പോറ്റിയത്.

• ഒരിക്കൽ ഒരു ബ്രാഹ്മണൻ ആ സ്ത്രീയോട് പ്രദോഷവ്രതമനുഷ്ഠിക്കണമെന്നും കുട്ടികളെക്കൊണ്ടും അതുചെയ്യിച്ചാൽ മേൽക്കുമേൽ ഉയർച്ചയുണ്ടാകുമെന്നും പറഞ്ഞു. അങ്ങനെ അവർ പ്രദോഷവ്രതമനുഷ്‌ഠിക്കുകയും അതിന്റെ ഗുണങ്ങ ളുണ്ടാവുകയും ചെയ്‌തു. പ്രദോഷവ്രതം നോറ്റ് ഒരുവർഷവും ഒരുമാസവും കഴിഞ്ഞു. ഒരുദിവസം ശുചിവ്രതൻ പുഴയിൽ കുളികഴിഞ്ഞ് കരയിൽ വിശ്രമി ക്കുന്ന സമയത്ത് കാറ്റും മഴയും ഇടിമിന്നലും ഉണ്ടാവുകയും പെട്ടെന്ന് ഒരു കുട്ടകം ഉരുണ്ട് അരികിലെത്തുകയും ചെയ്‌തു. അതിൽ മുപ്പതുപറ കനകക്കട്ടകളായിരുന്നു. ഇങ്ങനെ അവർക്ക് മേൽക്കുമേൽ ഐശ്വര്യം വർധിച്ചുവന്നു.

• യുവാവായ ധർമഗുപ്‌തനെ ധനവാനായ ഒരു ഗന്ധർവന്റെ മകൾ ഇഷ്ടപ്പെടുകയും വിവാഹംകഴിക്കുകയും ചെയ്തു‌. വൈകാതെ, ധർമഗുപ്‌തൻ തന്റെ അച്ഛനെക്കൊന്ന സാല്വരാജാവിനോട് ഏറ്റുമുട്ടാനായി തിരിച്ചു. ഒരിക്കലും ധർമഗുപ്തനെ തോൽപ്പിക്കാനാകില്ലെന്നു മനസ്സിലാക്കിയ സാല്വരാജാവ് വെള്ളക്കൊടിയുമായിച്ചെന്ന് ധർമഗുപ്‌തനെ വന്ദിച്ചു. “അയ്യോ, എന്നെക്കാൾ പ്രായമുള്ളവർ എന്നെ വന്ദിക്കരുത്", എന്നു പറഞ്ഞ് ധർമഗുപ്‌തൻ സാല്വരാജാ വിനെ പുണർന്നു. ഇനിയൊരിക്കലും കലഹിക്കില്ലെന്ന് ഇരുവരും ശപഥവും ചെയ്തു.

• കുണ്ഡിനനഗരത്തിൽ ധർമഗുപ്‌തൻ ഭാര്യയോടൊപ്പം രാജ്യകാര്യങ്ങൾ നോക്കി വർഷങ്ങളോളം കഴിഞ്ഞു. അപ്പോഴും അദ്ദേഹം പ്രദോഷവ്രതം മുടക്കിയില്ല.


🌜 എന്താണ് പ്രദോഷം?


• ശിവൻ കോപംകൊണ്ടു ജ്വലിച്ച് താണ്ഡവമാടുകയാണ്. എങ്ങനെയും കോപമടക്കിയേതീരൂ. അതിനായി ദേവന്മാർ പാർവതീദേവിയെ സമീപിച്ചു. ദേവിയുടെ സാന്നിധ്യം ദേവന്റെ കലിയടക്കി. അങ്ങനെ സന്തോഷത്തോടെനിൽക്കുന്ന ശിവപാർവതിമാരെ പ്രാർഥിച്ചുകൊണ്ട് പ്രദോഷദിനത്തിൽ ചെയ്യുന്ന വ്രതമാണ് പ്രദോഷവ്രതം.

വെളുത്തവാവോ കറുത്തവാവോ വരുന്ന ദിനംമുതൽ പതിമ്മൂന്നാം(13th) ദിനമാണ് പ്രദോഷം. ശിവപുരാണത്തിലാണ് പ്രദോഷ മാഹാത്മ്യത്തെക്കുറിച്ചു പറയുന്നത്.

• പ്രദോഷത്തെപ്പറ്റി മറ്റൊരുകഥയും പറഞ്ഞുകേൾക്കുന്നുണ്ട്. ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. അമൃത് നേടാനായെങ്കിലും ഇതിനിടെ വേദനകൊണ്ടു പുളഞ്ഞ വാസുകി വിഷം ഛർദിക്കാനൊരുങ്ങിയത് എല്ലാവരെയും പേടിപ്പിച്ചു. എല്ലാവരും രക്ഷയ്ക്കായി ശിവഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സർവചരാചരങ്ങളെയും നശിപ്പിക്കാൻപോന്ന ആ കൊടിയവിഷം ശിവൻ കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം. ഭഗവാനെപ്പോലും നശിപ്പിക്കാൻ ശക്തിയുള്ളതാണ് വിഷമെന്നറിഞ്ഞ പാർവതീദേവി വിഷം ഭഗവാന്റെ ഉള്ളിലിറങ്ങാതിരിക്കാൻ അദ്ദേഹത്തിന്റെ കണ്ഠത്തിൽ ശക്തമായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്റെ കണ്ഠത്തിൽ ഉറച്ചുപോയെന്നും അതോടെ ഭഗവാൻ നീലകണ്ഠനായെന്നും പറയുന്നു. അതിനുശേഷം ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ തലയിൽനിന്ന് ആനന്ദനൃത്തമാടി. ഇതൊരു പ്രദോഷദിവസമായിരുന്നുവത്രേ. ഏതായാലും ഭഗവാന്മാർ സന്തോഷിച്ചിരിക്കുന്ന സമയം വ്രതം നോൽക്കുന്നതിന് ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

Comments