മുണ്ടിനീര്(മംപ്സ്) കുട്ടികളിൽ വർദ്ധിക്കുന്നു | MUMPS SPREADING AMONG STUDENTS
• സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇക്കൊല്ലം ഇതുവരെ 69,113 കേസുകളായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരു വർഷത്തിനിടെ 30 മടങ്ങു വർധന.
• അലോപ്പതിക്കു പകരം മറ്റു ചികിത്സാ ശാഖകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടാകാമെന്നതിനാൽ രോഗബാധിതർ ഇതിലുമേറെയായിരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നു.
• 2016 ൽ വാക്‌സീൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനയ്ക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു. അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ്-മീസിൽസ്-റുബെല്ല വാക്സീൻ (എംഎം.ആർ) നൽകിയിരുന്നു. 2016 ൽ ഇത് മീസിൽസ്- റുബെല്ല വാക്സിൻ (എംആർ) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത്. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിനു പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഈ നടപടി.
• എം.എം.ആർ വാക്‌സിൻ അഞ്ചാംപനിക്ക് (മീസിൽസ്) 93%, റുബെല്ലയ്ക്ക് 97% വീതം പ്രതിരോധം നൽകുന്നുവെങ്കിൽ മുണ്ടിനീരിന് 78% മാത്രമാണുണ്ടായിരുന്നത്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എം.എം.ആർ വാക്സിൻ തുടരണമെന്നു കേരളം കേന്ദ്ര സർക്കാരിനോടു പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്.
⭕ മലപ്പുറത്തും കണ്ണൂരും കേസുകൾ 10,000+
• ഇക്കൊല്ലം മലപ്പുറം ജില്ലയിൽ 13.524 കേസുകളും കണ്ണൂർ ജില്ല യിൽ 12,800 കേസുകളും റിപ്പോർട്ട് ചെയ്തു. പാലക്കാട് 5000, തിരുവനന്തപുരം 1575 എന്നിങ്ങനെയാണ് കണക്ക്.
• 5- 15 പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. രോഗം ബാധിക്കുന്ന കുട്ടികളെ സ്‌കൂളിൽ വിടരുത്.
• തൃശൂർ മാള മേഖലയിലെ ചില സ്‌കൂളുകളിൽ എൽപി ക്ലാസുകൾ അടച്ചിടേണ്ട അവസ്‌ഥയാണ്. പരീക്ഷ മാറ്റിവയ്ക്കാൻ വരെ അധികൃതർ നിർബന്ധിതരായി.
• ഇടുക്കി ജില്ലയിലും ചില സ്‌കൂളുകൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ 2 സ്‌കൂളുകൾ മൂന്നാഴ്ച അടച്ചിട്ടു. രോഗവ്യാപനം തടയാൻ മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതലു കൾ സ്വീകരിക്കുന്ന സ്‌കൂളുകളുമുണ്ട്.
⭕ എങ്ങനെ അറിയാം ?
• ചെവിക്കുതാഴെ കവിളിൻ്റെ വശങ്ങളിൽ വീക്കമുണ്ടാകും നീരുള്ള ഭാഗത്തു വേദന അനുഭവപ്പെട്ടേക്കാം.
• ചെറിയ പനിയും തലവേദനയുമാണു പ്രാരംഭലക്ഷണങ്ങൾ.
• നീരെന്നും തൊണ്ടവേദനയെന്നും തെറ്റിദ്ധരിച്ചു ചികിത്സ വൈകരുത്.
• വായ തുറക്കാനും ചവയ്ക്കാ നും വെള്ളമിറക്കാനും പ്രയാസം നേരിടും. കുട്ടികളിൽ വിശപ്പില്ലാ യ്‌മയും ക്ഷീണവും പ്രധാന ലക്ഷണങ്ങളാണ്
⭕ പകരുന്നത് എങ്ങനെ?
• ചുമ, തുമ്മൽ, മുക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗികളുടെ സമ്പർക്കം എന്നിവയിലൂടെ രോഗം പകരും അണുബാധ ഉണ്ടായി ഗ്രന്ഥികളിൽ വീക്കം തുടങ്ങുന്നതിനു തൊട്ടുമുൻപും ശേഷവും നാലു മുതൽ 6 ദിവസം വരെയാണു പകരുന്നത്.
• പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്റ്റേറ്റ് എന്നീ ശരിരഭാഗങ്ങളെ ബാധിക്കുന്നു. മരണകാരണവുമായേക്കാം.
⭕ കരുതലെടുക്കാം
• രോഗബാധ പൂർണമായി മാറുന്നതുവരെ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
• രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്.
• രോഗി ഉപയോഗിച്ച വസ്തുക്കൾ അണുമുക്തമാക്കുക.
• രോഗലക്ഷണങ്ങൾ കണ്ടാലുടൻ മാസ്ക‌് ധരിക്കാൻ തുടങ്ങുക.
⭕ ചികിത്സ അനിവാര്യം
• രോഗകാരണമാകുന്ന പാരമിക്സോ വൈറസ് വായുവിലൂടെയാണു പകരുന്നത്.
• ചികിത്സിച്ചില്ലെങ്കിൽ കേൾവിത്തകരാറിനും ഭാവിയിൽ വന്ധ്യതയ്ക്കും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമാകും.
• ഗർഭിണികളിൽ ആദ്യ 3 മാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസാനും സാധ്യതയേറെ
📌 THIS ARTICLE BASED ON NEWS REPORTS ON DECEMBER 2024
✍️Dr.Anildas T
Comments
Post a Comment