വിഷു ഐതിഹ്യം
ഭാഗവതം ദശമസ്ക്കന്ധത്തെ ആധാരമാക്കിയുള്ള ഒരു കഥയിൽ പ്രാഗ്ജ്യോതിഷത്തിലെ ദാനവരാജാവാണ് നരകാസുരൻ. ഇദ്ദേഹം വിവിധ രാജ്യങ്ങളിൽ നിന്നും 16,000 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് ഇങ്ങനെ കാലങ്ങളോളം സകല ലോകങ്ങളെയും ഭീതിയിലാഴ്ത്തി വാണിരുന്നു. ഒരു മാന്ത്രികക്കൊട്ടാരത്തിലായിരുന്നു അവന്റെ വാസം പ്രാഗ്ജ്യോതിഷം എന്നായിരുന്നു ആ കൊട്ടാരത്തിന്റെ പേര്. ഒരിക്കൽ മുന്നറിയിപ്പൊന്നും കൂടാതെ നരകാസുരൻ ഇന്ദ്രലോകത്തെത്തി. തന്നെ താണുവണങ്ങാതിരുന്ന ദേവേന്ദ്രനെ നരകൻ യുദ്ധത്തിനു വെല്ലുവിളിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ ഇന്ദ്രൻ്റെ വെൺകൊറ്റക്കുടയും അദ്ദേഹത്തിന്റെ അമ്മയായ അദിതീദേവിയുടെ രത്ന കുണ്ഡലങ്ങളും നരകൻ തട്ടിയെടുത്തു. ആകെ വിഷമിച്ചുപോയ ഇന്ദ്രൻ ശ്രീകൃഷ്ണനോട് അഭയം ചോദിച്ചു. തുടർന്ന് നരകാസുര ദർപ്പം ശമിപ്പിക്കാൻ കൃഷ്ണൻ യുദ്ധത്തിനൊരുങ്ങി. ഭാര്യയായ സത്യഭാമയുമൊന്നിച്ച് ഗരുഡവാഹനത്തിലേറി കൃഷ്ണൻ നരകാസുരന്റെ നഗരമായ പ്രാഗജ്യോതിഷത്തിലെത്തി യുദ്ധത്തിന് വെല്ലുവിളിച്ചു. പിന്നീടു നടന്നത് ഘോരയുദ്ധമായിരുന്നു. ശ്രീകൃഷ്‌ണന്റെ ചക്രായുധമേറ്റ് നരകാസുരന്റെ പടയാളികളെല്ലാം ചത്തൊടുങ്ങി. നരകാസുരൻ തടവിൽ പാർപ്പിച്ച 16000 രാജകുമാരിമാരെയും കൃഷ്ണൻ മോചിപ്പിക്കുകയും ചെയ്തു. അതറിഞ്ഞ് ആളുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഇന്ദ്രൻ്റെ വെൺകൊറ്റക്കുടയും ദേവമാതാവിന്റെ രത്‌നകുണ്ഡലങ്ങളും തിരികെ കിട്ടി. തിൻമയുടെ ഇരുട്ടു നീങ്ങി നൻമയുടെ വെളിച്ചം എങ്ങും പരന്നു. കണിക്കൊന്നകൾ പൂത്തു. ആ മഹാസുദിനമാണത്രേ നമ്മൾ വിഷുവെന്ന പേരിൽ ആഘോഷിക്കാൻ തുടങ്ങിയത്. ദിവസങ്ങളോളം യുദ്ധം നീണ്ടു. ആ സമയത്ത് സൂര്യൻ മീനരാശിയിലായിരുന്നു. പിന്നീട് സംക്രമം കഴിഞ്ഞ് സൂര്യൻ ഉച്ചരാശിയിലെത്തി. ആ മുഹൂർത്തത്തിൽ കൃഷ്‌ണൻ നരകാസുരന്റെ കഥകഴിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
Comments
Post a Comment