പരീക്ഷിത്ത് രാജാവും,തക്ഷകനും | STORY FROM MAHABHARAT

പരീക്ഷിത്ത് രാജാവും,തക്ഷകനും 


ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു സര്‍പ്പമാണ്‌ തക്ഷകന്‍.

അഷ്ടനാഗങ്ങളിലൊന്നാണ് തക്ഷകന്‍.കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച സന്തതികളെല്ലാം സര്‍പ്പങ്ങളായിരുന്നു ഇതില്‍പ്പെട്ട തക്ഷകന്‍ നാഗപ്രമാണികളില്‍ ഒരുവനായിരുന്നു.മാതാവിന്റെ ശാപം കാരണം തക്ഷകന്‍ ബാല്യത്തില്‍ത്തന്നെ കുടുംബം വിട്ടുപോയി.ഒരിക്കല്‍ മാതാവായ കദ്രുവും,കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മില്‍ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാല്‍ രോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തര്‍ക്കമുണ്ടായി. വാല്‍ രോമം കറുത്തതാണെന്നു കദ്രുവും , വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആള്‍ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി.അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലില്‍ കറുത്തരോമങ്ങള്‍ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാന്‍ ആജ്ഞാപിച്ചു. ധര്‍മജ്ഞരായ ഏതാനും സര്‍പ്പങ്ങള്‍ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിര്‍ത്തു. നിങ്ങള്‍ ജനമേജയരാജാവിന്റെ സര്‍പ്പസത്രത്തില്‍ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിര്‍ത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകന്‍ അവരുടെ നേതാവായി. 

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് പരീക്ഷിത്ത്. അഭിമന്യുവിന്റെ പുത്രനും , അർജ്ജുനന്റെ പൗത്രനുമാണ് ഇദ്ദേഹം.വിരാട രാജകുമാരിയായ ഉത്തരയാണ് ഇദ്ദേഹത്തിന്റെ അമ്മ.അഭിമന്യുവിന്റെ മരണ ശേഷമാണ് പരീക്ഷിത്തിന്റെ ജനനം. ജനിച്ച ഉടനെ അമ്മയും മരിച്ചു. മുത്തച്ഛനായ അർജ്ജുനനാണ് പരീക്ഷിത്തിനെ വളർത്തിയത്. പരീക്ഷിത്തിനെ രാജാവാക്കിയശേഷം അർജ്ജുനൻ സഹോദരങ്ങൾക്കൊപ്പം നാടുവിടുകയും അധികകാലം കഴിയും മുമ്പ് മരണമടയുകയും ചെയ്തു.

പരീക്ഷിത്തിന് 66 വയസ്സ് പ്രായമായപ്പോള്‍ ഒരു ദിവസം നായാട്ടിനായി കാട്ടിലേക്ക് പുറപ്പെട്ടു. നായാട്ടിനു ശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍ ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി രാജാവ് എഴുന്നെള്ളിയത് ശ്രദ്ധിച്ചില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തു കിടക്കുന്നത് കണ്ടു. തന്റെ അമ്പു കൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗിയോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി “ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്റെ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ” എന്ന് ശപിച്ചു.എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ ഗൌരമുഖനെ വിളിച്ചു രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. 

ദുഃഖിതനായ പരീക്ഷിത്ത് രാജാവ് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതില്‍ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്ര ഔഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏര്‍പ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹര്‍ഷിയായിരുന്നു അന്നത്തെ മന്ത്രവാദികളില്‍ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തിനു പറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യ രൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു മുട്ടുന്നു. വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താന്‍ പോകുന്നതെന്നു കശ്യപന്‍ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവില്‍ തക്ഷകന്‍ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു.

മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാന്‍ തുടങ്ങി. ഒരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ തക്ഷകന്‍ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകര്‍ തടഞ്ഞു. തങ്ങള്‍ തപോവനത്തില്‍ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവര്‍ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍ നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും, ഉടല്‍ അശേഷം ചുവന്നും, ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതു കണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ. ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍ തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകന്‍ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു. 

ഏഴു ദിവസത്തിനുള്ളില്‍ തക്ഷക ദംശനത്താല്‍ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടന്‍ രാജാവ് മുനിമാരേയും , ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമായി ശ്രീ ശുകബ്രഹ്മര്‍ഷിയെ കൊണ്ട് ഏഴു ദിവസം പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

Comments

Post a Comment