വിളർച്ച അഥവാ അനീമിയ | ANAEMIA


• ആഹാരത്തിൽ ഇരുമ്പ് സത്ത് (അയൺ) ന്റെ അഭാവം ഉള്ളപ്പോൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച.

• രക്തത്തിലെ ഓക്സിജൻ വാഹകരായ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണ് ഇരുമ്പ്.

• പോഷകഘടകങ്ങളുടെ കുറവുമൂലമോ മറ്റ് അണുബാധ മൂലമോ വിളർച്ച ഉണ്ടാകാം. പോഷകക്കുറവ് മൂലമുണ്ടാകുന്ന വിളർച്ച രോഗമാണ് കൂടുതലായി കാണുന്നത്.

• ശരീരം ഭക്ഷണത്തിലെ ഇരുമ്പിനെ വേണ്ടവിധത്തിൽ ആഗിരണം ചെയ്യാതിരിക്കുന്നത്. ശരീരത്തിൽ നിന്നുണ്ടാകുന്ന രക്തനഷ്ടം എന്നിങ്ങനെ ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതിന് പല കാരണങ്ങളുമുണ്ട്.

• സാധാരണമായി ഒരു വ്യക്തിയുടെ ശരീരത്തിൽ ഉപയോഗത്തിലുള്ളതുകൂടാതെ ഒരു നിശ്ചിത അളവ് ഇരുമ്പിന്റെ ശേഖരം ഉണ്ടാവും. ഈ സ്റ്റോക്ക് കൂടി ഉപയോഗിച്ച് തീരുമ്പോഴാണ് വിളർച്ച രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ഈ ശേഖരം കുറവായിരിക്കും. മാസംതോറുമുള്ള ആർത്തവത്തിലൂടെ കൂടുതൽ രക്തം നഷ്ടപ്പെടുകയും ചെയ്യും. വിളർച്ചരോഗം സ്ത്രീകളിൽ കൂടുതലായി കാണുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. പുരുഷന്മാരിലും ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകളിലും കാണപ്പെടുന്ന വിളർച്ച രോഗം പ്രധാനമായും മറ്റുരോഗങ്ങൾ മൂലമുള്ള രക്തസ്രാവം, പരാദജീവികൾ എന്നിവയാകാം


വിളർച്ചാ സാധ്യത കൂടുതലുള്ളവർ :

• ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ - ഇരുമ്പിന്റെ ആവ ശ്യകത കൂടുതൽ.

• വിളർച്ചയുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന നവജാതശിശുവിന് ശരീരത്തിൽ ഇരുമ്പിന്റെ ശേഖരം വളരെ കുറവായിരിക്കും.

• ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ - വേഗത്തിലുള്ള വളർച്ചാഘട്ടത്തിൽ ഇരുമ്പിന്റെ ആവശ്യകത കൂടുതൽ.

• ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്തവരും ശരിയായ ആഗിരണം നടക്കാത്തവരും

• ദാരിദ്ര്യംമൂലം ഭക്ഷണം ഇല്ലാത്തവർ.

• വികലമായ ഭക്ഷണ രീതിയുള്ളവർ.

• ഇരുമ്പിന്റെ ആഗിരണം തടയുന്ന ഘടകങ്ങൾ കൂടിയ തോതിൽ ഉപയോഗിക്കുന്നവർ.


ലക്ഷണങ്ങൾ :

• വിളറിയ കണ്ണുകൾ, ചുണ്ടുകൾ, ചർമം

• ക്ഷീണം

• തളർച്ച

• കിതപ്പ്

• തലകറക്കം

• നഖം പൊട്ടിപ്പോകൽ

• ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാൻ ആർത്തി (Pica)

• തലയുടെ മുൻവശത്തെ വേദന

• ഹീമോഗ്ലോബിൻ കുറവ്

• ഇരുമ്പിന്റെ കുറവ്


സങ്കീർണതകൾ :

• കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഒരുപോലെ ബുദ്ധി വ്യക്തിത്വ വികാസത്തിന് തടസ്സമാവുന്നു.

• കായികാധ്വാനശേഷി കുറയ്ക്കുന്നു.

• മറ്റുരോഗങ്ങളും അണുബാധകളും കൂടുതലായി ശരീരത്തെ ബാധിക്കുന്നു.

• ഗർഭിണികളിൽ പ്രസവത്തോടനുബന്ധിച്ച് മരണംവരെ എത്തുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

• ഭ്രൂണത്തിന്റെ വളർച്ചക്കുറവ്, തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ, വളർച്ചയെത്താതെയുള്ള പ്രസവം എന്നിവയും വിളർച്ച മൂലമുണ്ടാകാം.

HAEMOGLOBIN LEVELS - ഹീമോഗ്ലോബിന്റെ അളവ്

നിയന്ത്രിക്കേണ്ട ഭക്ഷണങ്ങൾ :

• ഭക്ഷണത്തിൽ കഫീൻ, ടാനിൻ, ഫൈറ്റേറ്റ്, കാൽസ്യം എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്ന അവസ്ഥയിൽ ഇരുമ്പിന്റെ ആഗിരണം കുറയും. അമിതമായ ചായ, കാപ്പി, കുപ്പിയിലടച്ച നുരയുന്ന പാനീയങ്ങൾ, കോള, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം ഇത്തരത്തിൽ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നു.

• ഫൈറ്റേറ്റ് കൂടുതൽ ഫൈബർ അടങ്ങിയ ധാന്യങ്ങളുടെ

പുറംതൊലി (Bran) മുതലായവ അമിതമാവരുത്.

• കാത്സ്യം കൂടുതലടങ്ങിയ പാലുത്പന്നങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. പല സമയത്തായി ഉപയോഗിക്കുക.

• അമിതമായ മദ്യപാനം ഉപയോഗം ഒഴിവാക്കുക.

• ഭക്ഷണത്തിലെ ഇരുമ്പ്, ഹീം ഇരുമ്പ്, നോൺ ഹീം ഇരുമ്പ് എന്നിങ്ങനെ രണ്ടുതരത്തിൽ കാണാം. ഹീം ഇരുമ്പ് മാംസാഹാരങ്ങളിലും നോൺഹീം ഇരുമ്പ് സസ്യാഹാരങ്ങളിലും കാണപ്പെടുന്നു. ഹീം ഇരുമ്പ് നോൺഹീം ഇരുമ്പിനെ അപേക്ഷിച്ച് വേഗത്തിൽ ആഗിരണം ചെയ്യപ്പെടും.


വിളർച്ച തടയാൻ :

• ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്ന ഒരു പ്രധാന പോഷക ഘടകമാണ് വിറ്റാമിൻ-സി. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മുളപ്പിച്ച പയറുവർഗങ്ങളും ധാരാള മായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി വിറ്റാമിൻ സി ഉറപ്പാക്കാം.

• ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്ന പ്രധാനഘടകമാണ് വൈറ്റമിൻ-സി. അതിനാൽ നെല്ലിക്ക, പേരയ്ക്ക് മുതലായവ പതിവായി കഴിക്കണം

• അയണും വൈറ്റമിൻ സി-യും ധാരാളമുള്ള പൂരകാഹാരം 6 മാസം കഴിയുമ്പോൾ കുഞ്ഞിന് കൊടുത്തുതുടങ്ങണമെന്ന് മാതാപിതാക്കളെ ഉപദേശിക്കുക. ഓരോ സീസണിലും പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളെക്കുറിച്ച് സംസാരിക്കുക.

• അയൺ ധാരാളമുള്ള ഭക്ഷ്യവസ്തുക്കൾ: കടും പച്ചനിറമുള്ള ഇലക്കറികൾ (ചീര, അഗത്തിച്ചീര, മുരിങ്ങയില, പുതിന, പാലക്, കറിവേപ്പില), മുളപ്പിച്ചപയർ, ധാന്യങ്ങൾ, ശർക്കര, ചക്കര, പച്ചപ്പയർ, ബീൻസ്, തണ്ണിമത്തൻ, ഉണക്കമുന്തിരി, മൃഗജന്യ ഭക്ഷ്യവസ്തുക്കൾ ( ഉദാ: മാട്ടിറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട )

• വൈറ്റമിൻ സി ധാരാളമുള്ള ഭക്ഷ്യവസ്തുക്കൾ: തക്കാളി, നാരകവർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഉദാ: ഓറഞ്ച്, നാരങ്ങ ), നെല്ലിക്ക, പേരയ്ക്ക, മത്തൻ, കാബേജ്, ക്വാളി ഫ്ളവർ തുടങ്ങിയവ അയണിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്നു.


📧 anildast29@gmail.com

🏜️ Image Credits : Freepik 


Comments