ഋതു (സീസൺ) അനുസരിച്ച് ആഹാരം | Ayurvedic Diet Plan on Different Seasons

ആയുർവേദ നിർദേശപ്രകാരം ദഹനശക്തിയനുസരിച്ചുള്ള ആഹാരമാണ് ശീലിക്കേണ്ടത്. ദഹിക്കാൻ പ്രയാസമുള്ള ആഹാരം ഒരാൾക്ക് പരമാവധി ഭക്ഷിക്കാൻ കഴിയുന്നതിന്റെ പകുതി മാത്രമേ പാടുള്ളൂ. ദഹിക്കാൻ എളുപ്പമുള്ളവയായാലും അളവധികമാവരുത്. അരവയർ ആഹാരം കഴിച്ചിട്ട് ശേഷിച്ച പകുതിയുടെ ഒരു ഭാഗം പാനീയം എന്നാണ് ചിട്ട ശേഷിച്ച ഭാഗം ദഹനപ്രക്രിയയെ സഹായിക്കുംവിധം ഒഴിച്ചിടേണ്ടതാണ്. കഴിച്ച ആഹാരം ദഹിക്കാതെ മറ്റൊന്നും കഴിക്കരുത്. 

ദിവസേന കഴിക്കാവുന്ന ആഹാരങ്ങളുടെ പട്ടികയിൽ ചെന്നെല്ലരിച്ചോറ്, ഗോതമ്പ്, ബാർളി, ഞവരയരി, മുള്ളങ്കി, ചീര, നെല്ലിക്ക, മുന്തിരി, പടവലം,ചെറുപയർ, പാൽ, മാതളം, ഇന്തുപ്പ്,നെയ്യ് എന്നിവയും ദിവസവും കഴിക്കാൻ പാടില്ലാത്തവയിൽ തൈര്, വിനാഗിരി, ഉണക്ക മാംസം, ഉഴുന്ന്, മത്സ്യം ,അമരയ്ക്ക, ചേമ്പ്, ഉണക്കിയ ഇലക്കറി, സസ്യാങ്കുരങ്ങൾ എന്നിവ പെടുന്നു.


ആയുർവേദ വിധിപ്രകാരം ഓരോ ഋതുക്കളിലും നിർദ്ദേശിച്ചിരിക്കുന്ന ആഹാര രീതികൾ പരിചയപ്പെടാം. ഇപ്പോൾ ഋതുക്കളെ കൃത്യതയോടെ വായിച്ചെടുക്കാ വുന്ന രീതിയിലല്ല പ്രകൃതി നമുക്കുമുൻപിൽ അവതരിപ്പിക്കുന്നത്. എങ്കിലും ഏകദേശം ശരിയായി വരുന്ന ഋതുപരിണാമങ്ങൾക്കനുസരിച്ച് ഡയറ്റിങിൽ ഏർപ്പെടുത്തേണ്ട കാര്യങ്ങൾ ചേർക്കുന്നു.


❄️മഞ്ഞുകാലം

(നവംബർ അവസാനം, ഡിസംബർ, ജനുവരി ആദ്യപകുതി) :

• കഴിക്കേണ്ടത്-പാൽ ഉത്പന്നങ്ങൾ, മാംസാഹാരങ്ങൾ, സൂപ്പുകൾ (മാംസവും പച്ചക്കറി കളും), എണ്ണ, നെയ്യ് എന്നിവ ചേർന്ന ആഹാരങ്ങൾ മിതമായി. പുന്നെല്ലുകൊണ്ടുള്ള വിഭവങ്ങൾ, ഗോതമ്പ്, അരിപ്പൊടി, ഉഴുന്ന് കൊണ്ടുള്ള പലഹാരങ്ങൾ.

• പാടില്ലാത്തവ - പട്ടിണി കിടക്കരുത്. തണുപ്പുള്ള ഭക്ഷണവും പാനീയങ്ങളും.


🌼മാമ്പൂക്കാലം (വസന്തം)

(ജനുവരി അവസാന പകുതി ഫെബ്രുവരി, മാർച്ച് ആദ്യം) :

• കഴിക്കേണ്ടത് - തേൻ പതിവായി, കരിങ്ങാലി, ചുക്ക്, മുത്തങ്ങ എന്നിവയിട്ടു തിളപ്പിച്ച വെള്ളം, പുതിയതല്ലാത്ത ഗോതമ്പ്, ബാർളി എന്നിവകൊണ്ടുള്ള പലഹാരം, ചേന കൂടുതൽ ഉപയോഗിക്കാം, പാവയ്ക്ക, ചെറുപയർ, കുരുമുളക്, ഇഞ്ചി മുതലായ കയ്പും എരിവുമുള്ളവ, പച്ചയ്ക്ക് ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ കൂടുതൽ, പുഴമീൻ.

• പാടില്ലാത്തവ - കൊഴുപ്പുള്ള ഭക്ഷണം, മധുരപലഹാരം, തൈര്, ദഹിക്കാൻ പ്രയാസമുള്ള ബിരിയാണി.


☀️ചൂടുകാലം (ഗ്രീഷ്മം)

(മാർച്ച്, ഏപ്രിൽ, മേയ് ) :

• കഴിക്കേണ്ടത് - ധാരാളം ജലംപലപ്രാവശ്യമായി, ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം, മൺകുടത്തിലെ വെള്ളം, മലവെള്ളം, കരിക്കിൻ വെള്ളം, സംഭാരം, പതിമുകം, രാമച്ചം, നെല്ലിക്ക എന്നിവയിട്ട വെള്ളം, കരിമ്പിൻ നീര്, ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, കക്കിരി, വെള്ളരി, തണ്ണിമത്തൻ, കുമ്പളം മുതലായ ജലാംശം കൂടുതലുള്ള പഴങ്ങൾ, പടവലം, കോവൽ, കൂടുതലും വേവിച്ച ഭക്ഷണം.

• പാടില്ലാത്തവ - എരിവ്, പുളി, എണ്ണകൾ മസാല, മാംസാഹാരം എന്നിവയുടെ അമിത ഉപയോഗം.


⛈️ഇടവപ്പാതിക്കാലം (വർഷം)

(ജൂൺ, ജൂലായ്, ഓഗസ്റ്റ് ആദ്യദിനങ്ങൾ) :

• കഴിക്കേണ്ടത് - തേൻ സ്ഥിരമായി, തിളപ്പിച്ചാറിയ ജലം, ഭക്ഷണം ചെറുചൂടോടെ, ജീരകം, ചുക്ക് എന്നിവയിട്ടു തിളപ്പിച്ച വെള്ളം, ഇഞ്ചിയും മുളകും കറിവേപ്പിലയും ഇട്ട മോര്, ചെറുപയർ ചാറ്, മുതിരച്ചാറ്, പുളിയിട്ട മീൻകറി, ഇഞ്ചിയും കുരുമുളകും കൂടുതൽ ചേർത്ത ഭക്ഷണം, ഇലയട, ഓട്ടട (അധികം തേങ്ങ വേണ്ട), കൂവ പുഴുങ്ങിയത്, കട്ടിപ്പത്തിരി (എണ്ണയിടാതെ), ജീരകക്കഞ്ഞി, കൂവക്കുറുക്ക്.

• പാടില്ലാത്തത് - ഐസ്ക്രീം, മിൽക്ക് ഷേക്ക്, ബിരിയാണി, നെയ്ച്ചോർ, അമിതജലപാനം, തേങ്ങ അധികമുള്ള കരിക്ക്, എണ്ണപ്പലഹാരങ്ങൾ.


🌤️ശരത്കാലം

(ഓഗസ്റ്റ്, സെപ്റ്റംബർ) :

•കഴിക്കേണ്ടത് - മലർക്കഞ്ഞി അധികം ചൂടില്ലാതെ, ചെറുപയർ, തേൻ, പഞ്ചസാര, ഗോതമ്പ് എന്നിവ ചേർത്ത പലഹാരം, പടവലം, നെല്ലിക്ക, മുന്തിരി, വെള്ളരി, കോവൽ, കുമ്പളം, മല്ലി,കരിങ്ങാലി, രാമച്ചം തിളപ്പിച്ച വെള്ളം

• പാടില്ലാത്തവ - അച്ചാർ,മസാലക്കറികൾ, എരിവും പുളിയും കൂടുതൽ, കാപ്പി, തൈര്, എള്ളെണ്ണ, മാംസാഹാരം എന്നിവ അധികമാവരുത്.


🌧️തുലാവർഷം

(ഒക്ടോബർ, നവംബർ (ആദ്യപകുതി)) :

• കഴിക്കേണ്ടത് - ഇടവപ്പാതിപോലെ.


ഋതുക്കൾക്കനുസരിച്ച് ഡയറ്റ് മാതൃക :

❄️മഞ്ഞുകാലം

• രാവിലെ 6 മണി : ചൂടുള്ള പാൽ 200 മില്ലിലിറ്റർ

• 10 മണി നെയ്യിൽ ചുട്ട ചപ്പാത്തി 2 /പുട്ട് ഒരു കഷ്ണം/ദോശ-2, ചെറുപയർ കറി- 50 ഗ്രാം, ചൂടു വെള്ളം .

• ഉച്ച 1 മണി കുത്തരിച്ചോറ്- ഒന്നര തവി, ആട്ടിറച്ചി- 50 ഗ്രാം, അവിയൽ- 50 ഗ്രാം, തോരൻ(ബീൻസ് )- 50 ഗ്രാം

• 4 മണി: പച്ചക്കറി സൂപ്പ്- 50 ഗ്രാം

• 7 മണി : അരി പത്തിരി -3, സ്റ്റൂ 50 ഗ്രാം.

• രാത്രി 10 മണി : ചൂടുവെള്ളം 200 മില്ലിലിറ്റർ (ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കാം).

• ഇതുപോലെ ഓരോ ഋതുവിലും അനുയോജ്യമായിരിക്കുന്ന ഭക്ഷ്യവസ്തുക്കളെ ഉൾപ്പെടുത്തി ഡയറ്റ് ചാർട്ട് തയ്യാറാക്കി പിന്തുടരാവുന്നതാണ്.


📌 All these data's are based on authentic Ayurvedic textbooks 







Comments