എലിപ്പനി ശ്രദ്ധിക്കണം | AWARE ABOUT LEPTOSPIROSIS



🐀 കാരണം ബാക്ടീരിയ :

മാരകമായേക്കാവുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ വിഭാഗത്തിൽപെട്ട ബാക്ടീരിയയാണ് രോഗത്തിന് കാരണം.


🐀 രോഗാണു വരുന്ന വഴി :

രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവയിൽ ലെപ്റ്റോസ്പൈറ അനുകൂലസാഹചര്യങ്ങളിൽ അനേകനാൾ ജീവിച്ചിരിക്കും. എന്നാൽ നല്ല സൂര്യപ്രകാശവും ഒഴുക്കുമുള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിക്കാറുണ്ട്.


🐀 രോഗം പകരുന്നത് :

ശരീരത്തിലുള്ള മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുന്നത്. ഇതു കൂടാതെ വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളിലെ കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടക്കാം. അതായത് രോഗാണുക്കളുള്ള വെള്ളം കൊണ്ട് മുഖവും വായയും കഴുകിയാലും അത് കുടിച്ചാലും രോഗം പകരാം.


🐀 ലക്ഷണങ്ങൾ :

• എലിപ്പനിക്ക് സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യമുണ്ട്.

• പനിയോടൊപ്പമുണ്ടാകുന്ന അതിശക്തമായ പേശി വേദന

• ശക്തമായ തലവേദന

• കണ്ണിനു ചുവപ്പ്

• മഞ്ഞപിത്തം

• ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയൊക്കെയാണ് സവിശേഷ ലക്ഷണങ്ങൾ

• വയറുവേദന

• ഛർദി

• വയറിളക്കം

തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

• സാധാരണ ജലദോഷപ്പനിയുടെ ലക്ഷണമായ മൂക്കൊലിപ്പ് തുമ്മൽ തുടങ്ങിയവ എലിപ്പനിയിൽ ഉണ്ടാകാറില്ല.


🐀 സങ്കീർണമായാൽ :

• കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ രോഗം സങ്കീർണമാകും.

• രോഗാണുക്കൾ ആന്തരാവയവങ്ങളായ കരൾ, വൃക്കകൾ, ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയെ ബാധിക്കുന്നതുകൊണ്ട് മരണകാരണമായി മാറുന്നു.

• വിൽസ് സിൻഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥ പ്രായമേറിയവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി കാണപ്പെടുന്നത്. ഈ ഘട്ടത്തിൽ മഞ്ഞപ്പിത്തം. വൃക്കസ്തംഭനം,മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം, മലം കറുത്ത നിറത്തിലാവുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.


🐀 സ്വയം ചികിത്സ പാടില്ല :

ഏതു പനിവന്നാലും ഉടൻ കൃത്യമായ വൈദ്യസഹായം തേടണം. കാരണം എലിപ്പനിആന്റിബയോട്ടിക് ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാനാവുന്ന രോഗമാണ്. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ സങ്കീർണതകൾ ഒഴിവാക്കി രോഗം പൂർണമായും ഭേദമാക്കാനാകും.ഡോക്സിസൈക്ലിൻ,പെനിസിലിൻ, സിഫാലോ സ്പോറിനുകൾ ക്വിനലോണുകൾ തുടങ്ങിയ ആന്റിബയോട്ടിക്കുകളും എലിപ്പനിക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം.


🐀 രോഗം വരാതിരിക്കാൻ :

പ്രതിരോധിക്കാവുന്ന പകർച്ചവ്യാധിയാണ് എലിപ്പനി.

• കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ മലിനജലവുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക.

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

• ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ജോലി കഴിഞ്ഞ് ശരീരം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.

• മൃഗപരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് ശുദ്ധ ജലത്തിൽ കഴുകുക.

• കോലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ

പറ്റില്ലെങ്കിൽ ഗംബൂട്ട്സ്, കൈയുറകൾ എന്നിവ ധരിക്കുക.


🐀 പ്രതിരോധ മരുന്നു കഴിക്കുമ്പോൾ :

• ഡോക്സിസൈക്ലിൻ എന്ന ആന്റിബയോട്ടിക്ക് പ്രതിരോധ മരുന്നായി ഉപയോഗിക്കാം.

200 മില്ലിഗ്രാമിന്റെ ഒരു ഗുളിക ആഴ്ചയിൽ ഒന്ന് എന്ന തോതിലാണ് കഴിക്കേണ്ടത്.

• മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്ന കാലം മുഴുവൻ പ്രതിരോധമരുന്നുകഴിക്കണം.

• ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ പ്രതിരോധത്തിനായി അസിത്രോമൈസിൻ എന്ന ആന്റിബയോട്ടിക്കാണ് കഴിക്കേണ്ടത്.

• പ്രായപൂർത്തിയായ വ്യക്തി 500 മില്ലിഗ്രാമിന്റെ ഒരു ഗുളിക ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന തോതിലാണ് കഴിക്കേണ്ടത്.

• 100 ശതമാനം പ്രതിരോധം ഉറപ്പാക്കുന്നില്ലെങ്കിലും രോഗസാധ്യത ഗണ്യമായി കുറയ്ക്കാനും രോഗം പിടിപെട്ടാൽ തന്നെ രോഗതീവ്രത കുറയ്ക്കാനും പ്രതിരോധ മരുന്നുകൾക്കാവും.

Comments