സന്തോഷം തരും ഹോർമോണുകൾ | HAPPY HORMONES

സന്തോഷം തരും ഹോർമോണുകൾ | HAPPY HORMONES 

സന്തോഷം തരും ഹോർമോണുകൾ | HAPPY HORMONES
HAPPY HORMONES


തലച്ചോറിലെ നാഡീവ്യൂഹത്തിന് ഇടയിൽ നിലനിൽക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തിൽ മനസ്സിന് സന്തോഷം പകരുന്ന ചില പദാർഥങ്ങൾ ഉണ്ട്.

1️⃣ഡോപ്പമിൻ(DOPAMINE)

2️⃣ഓക്സിടോസിൻ(OXYTOCIN)

3️⃣സെറോട്ടോണിൻ(SEROTONIN)

4️⃣എൻഡോർഫിൻ(ENDORPHINS)

എന്നിവയാണ് ഈ നാഡിപ്രക്ഷേപണികൾ. ഓരോന്നിനും വ്യക്തമായ ധർമങ്ങൾ മനുഷ്യശരീരത്തിൽ നിർവഹിക്കാനുണ്ട്. പെരുമാറ്റത്തിലും മാനസികനിലയിലും സ്വാധീനം ഇവ ചെലുത്താറുണ്ട്.


1️⃣സന്തോഷം നൽകും ഡോപ്പമിൻ:

• തലച്ചോറിൻറെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന രാസവസ്തുവാണ് ഡോപ്പമിൻ. തലച്ചോറിൻ്റെ മുൻഭാഗമായ പ്രീ ഫ്രോണ്ടൽ കോർട്ടക്‌സ് എന്ന മേഖലയിലുള്ള ഡോപ്പമിൻ ആണ് ശ്രദ്ധയുടെയും ഏകാഗ്രതയുടെയും നിയന്ത്രണം വഹിക്കുന്നത്. എന്നാൽ ആവശ്യത്തിന് ഡോപ്പമിൻ ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സംഗതിയിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാകും. ചുറ്റുപാടുമുള്ള വിവിധ സംവേദനങ്ങളിലേക്ക് ശ്രദ്ധ പതറിപ്പോകുന്നതുമൂലം ശ്രദ്ധക്കുറവും പിരിപിരുപ്പും ഇവരിൽ പ്രകടമായിരിക്കും. ഈ അവസ്ഥയെയാണ് 'അറ്റൻഷൻ ഹൈപ്പർ ആക്ടി വിറ്റി ഡിസോഡർ' അഥവാ എ.ഡി.എച്ച്.ഡി. എന്ന് പറയുന്നത്. ഇതേ ഡോപ്പമിൻതന്നെ അളവിൽ അല്പം കൂടുമ്പോൾ സന്തോഷം നൽകുന്നു. വ്യായാമംചെയ്യുക, സിനിമ കാണുക, സംഗീതം കേൾക്കുക, പ്രിയപ്പെട്ടവരോടൊപ്പം സമയംചെലവഴിക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ ഡോപ്പമിന്റെ അളവ് സാവധാനം കൂടി പാരമ്യത്തിലെത്തി കുറെയേറെനേരം അതേഅളവിൽ നിന്ന ശേഷം വളരെ സാവധാനം കുറഞ്ഞുവരുന്നു. ഇത്തര ത്തിലുള്ള ഡോപ്പമിന്റെ വർധനവാണ് (phasic increase of dopamine) ആരോഗ്യകരം. നമുക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും അത് സാവധാനം വരികയും പോകുകയും ചെയ്യുന്നതു കൊണ്ട് സന്തോഷത്തിന് കാരണമായ അനുഭവം ഇല്ലാത്തപ്പോൾപോലും കാര്യമായ ഒരു സങ്കടത്തിലേക്ക് മനസ്സ് വഴുതി വീഴുന്നില്ല.

• എന്നാൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുക, മദ്യപിക്കുക, ഓൺലൈനിലും മറ്റും സുലഭമായ ചടുല സ്വഭാവമുള്ള ദൃശ്യങ്ങൾ തുടർച്ചയായി ദീർഘനേരം കാണുക, ലൈംഗിക സ്വഭാവമുള്ള രംഗങ്ങൾ ദീർഘനേരം കാണുക തുടങ്ങിയവ ചെയ്യുമ്പോൾ തലച്ചോറിലെ ഡോപ്പമിൻ്റെ അളവ് കുത്തനെ വർധിക്കുന്നു (tonic increase of dopamine). സ്വാഭാവികമായും ഇത് വലിയ തോതിലുള്ള സന്തോഷം ചുരുങ്ങിയ സമയം കൊണ്ടു നൽകാൻ പ്രാപ്തമാണ്. എന്നാൽ സന്തോഷത്തിന് കാരണമായ ആ പ്രവൃത്തി ചെയ്തുതീരുന്നതോടെ ഡോപ്പമിൻ കുത്തനെ താഴേക്ക് പോകുന്നു. പൊടുന്നനെ ഉണ്ടാകുന്ന ഡോപ്പമിന്റെ അളവിലെ ഈ വ്യതിയാനം കഠിനമായ അസ്വസ്ഥതയും സങ്കടവും ദേഷ്യവും ഒക്കെ ഉണ്ടാകാൻ കാരണമാകും. തീർച്ചയായും ഇതിനെ മറികടക്കാൻ വീണ്ടും സന്തോഷം തരുന്ന പ്രവൃത്തികളിലേക്ക് പോകാനുള്ള പ്രവണത ഉണ്ടാകും. ഇങ്ങനെയാണ് ലഹരിവസ്തുക്കൾക്കും മദ്യത്തിനും ഓൺലൈൻ വിനോദ ത്തിനും ഒക്കെ അടിമപ്പെടുന്നത്. 'അധികമായാൽ അമൃതും വിഷം' എന്ന ആപ്തവാക്യം ഡോപ്പമിൻ്റെ കാര്യത്തിലും യാഥാർഥ്യമാണ്. ഒരു പരിധി യിൽക്കൂടുതൽ ഡോപ്പമിൻ തലച്ചോറിൽ കൂടിയാൽ ചെവിയിൽ അശരീര ശബ്ദങ്ങൾ മുഴങ്ങുന്നത് പോലെ യുള്ള മിഥ്യാനുഭവങ്ങൾ,ആരോ തന്നെ കൊല്ലാൻവരുന്നു എന്ന മട്ടിലുള്ള മിഥ്യാ വിശ്വാസങ്ങൾ, ഉറക്കമില്ലായ്മ, അക്രമസ്വഭാവം എന്നിവ പ്രകടമാകാം. ഈ അവസ്ഥ യെയാണ് ലഹരിവസ്തുജന്യ ചിത്തഭ്രമം (substance induced psychosis) വിളിക്കുന്നത്. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ സൗഹൃദങ്ങൾ, താത്‌പര്യമുള്ള വിനോദങ്ങൾ എന്നിവയ്ക്കുവേണ്ടി ദിവസേന സമയംചെലവിട്ടാൽ ഡോപ്പമിൻ ആരോഗ്യകരമായ അളവിൽ തലച്ചോറിൽ ഉണ്ടാകും.


2️⃣ആത്മാർഥ ബന്ധങ്ങൾക്ക് ഓക്‌സിടോസിൻ:

• പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു പദാർഥമാണ് ഓക്‌സിടോസിൻ, പ്രസവത്തിനും മുലയൂട്ടലിനും അത്യാവശ്യമായ ഇത് സ്ത്രീകളിലാണ്കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും പുരുഷ ശരീരത്തിലും ഉണ്ടാകാറുണ്ട്. ആത്മാർഥമായ വ്യക്തിബന്ധങ്ങൾ വികസിപ്പിക്കാൻ ഇത് ഏറെ സഹായകമാണ്. സ്നേഹം, വിശ്വാസം, ലൈംഗിക ഉത്തേജനം, പ്രണയം തുടങ്ങിയ വൈകാരിക അവസ്ഥകളിലെല്ലാം ഓക്‌സിടോസിൻ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. ആലിംഗനം ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സ‌ിടോസിന്റെ അളവ് വർധിക്കുന്നു. പരസ്പര വിശ്വാസത്തിൽ അധിഷ്ടിതമായ സ്നേഹബന്ധങ്ങൾ സാധിക്കാനും വളർത്തിയെടുക്കാനും ഓക്‌സിടോസിൻ ഏറെ പ്രധാനമാണ്.


3️⃣ലൈംഗിക ആരോഗ്യത്തിന് സെറോടോണിൻ:

• മനസ്സിൻ്റെ വൈകാരിക അവസ്ഥ, ഉറക്കം, ദഹനം, അസ്ഥികളുടെ ആരോഗ്യം, മുറിവുകൾ ഉണങ്ങുക, ലൈംഗിക ആരോഗ്യം എന്നിവയുടെയൊക്കെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന രാസവസ്തുവാണ് സെറോടോണിൻ. ഓർമശക്തി, സന്തോഷം, ശരീരത്തിൻ്റെ താപനില, വിശപ്പ്, ലൈംഗികാസക്തി എന്നിവയൊക്കെ വർധിപ്പിക്കുന്നതിൽ സെറോടോണിന് നിസ്തുലമായ പങ്കാണുള്ളത്. സെറോടോണിന്റെ അളവ് തലചോറിൽ തലച്ചോറിൽ കുറയുന്ന സന്ദർഭങ്ങളിൽ വിഷാദരോഗം, അമിത ഉത്‌കണ്ഠ, ആത്മഹത്യാ പ്രവണത, ലൈംഗിക താത്പര്യക്കുറവ്, വിശപ്പില്ലായ്മ എന്നിവയൊക്കെ ഉണ്ടാകും. തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർധിപ്പിക്കുന്ന മരുന്നുകൾ വിഷാദരോഗങ്ങളുടെയും ഉത്‌കണ്ഠാ രോഗങ്ങളുടെയും ചികിത്സയ്ക്ക് ഏറെ ഫലപ്രദമാണ്.


4️⃣സ്ട്രെസ്സ് കുറയ്ക്കാൻ എൻഡോർഫിനുകൾ:

• തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കൾ ആണ് എൻഡോർഫിനുകൾ. ശരീരത്തിൽ 20 വ്യത്യസ്തതരം എൻഡോർഫിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ബീറ്റ എൻഡോർഫിൻ വിഭാഗത്തിൽപ്പെട്ടവയാണ് ഏറ്റവും ഗുണകരമായത്. ശരീരത്തിന്റെയും മനസ്സിൻ്റെയും വേദന കുറയ്ക്കാനും മാനസിക സമ്മർദം ലഘുകരിക്കാനും എൻഡോർഫിനുകൾ ഫലപ്രദമാണ്. വിഷാദം, ഉൽക്കണ്ഠ എന്നിവ കുറയ്ക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും എൻഡോർഫിനുകൾ സഹായിക്കുന്നു. ദിവസേന നിശ്ചിത സമയം വേഗത്തിൽ നടക്കുക, നീന്തൽ, നൃത്തം, മലകയറ്റം തുടങ്ങിയവയൊക്കെ എൻഡോർ ഫിനുകൾ വർധിപ്പിക്കുന്ന വ്യായാമങ്ങളാണ് ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നല്ല ഭക്ഷണംകഴിക്കുന്നതും മസാജിന് വിധേയമാകുന്നതും എൻഡോർഫിനുകളുടെ അളവ് കൂട്ടാറുണ്ട്.

Comments