ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം | FEB 8 NATIONAL DEWORMING DAY

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം | FEB 8 NATIONAL DEWORMING DAY



🌀 വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകി വരുന്നു.

🌀 ഈ വർഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി(National Deworming Day) ആചരിക്കുന്നത്. ആ ദിവസം സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും സ്കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയും ഗുളിക നൽകുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകേണ്ടതാണ്. സ്കൂളിലോ അങ്കണവാടിയിലോ രജിസ്‌റ്റർ ചെയ്യാത്ത കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്.

🌀 എന്താണ് വിരബാധ ?

• വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാൻ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകൾ കാണപ്പെടുന്നത്.

🌀 വിരബാധ പകരുന്നതെങ്ങനെ?

• വിസർജ്യം കലർന്ന മണ്ണിൽ കളിക്കുമ്പോൾ കുട്ടികളുടെ കൈകളിലുടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോൾ മുട്ടകളും വിരകളും നഖത്തിലെത്തുകയും കുട്ടികൾ നഖങ്ങൾ കടിക്കുകയോ കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ വിരകൾ കുടലിലെത്താം. ഈച്ചകൾ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസർജ്യങ്ങൾ കലർന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.

🌀 വിരബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാം ?

• വയറ് വേദന

• വയറിളക്കം

• ഓക്കാനം / ഛർദ്ദി

• വയറ് വീക്കം

• ക്ഷീണം

• ശരീര ഭാരം കുറയൽ

• ഉന്മേഷക്കുറവ്

• മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ

🌀 വിരശല്യം ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാം ? 

• മലമൂത്ര വിസർജ്ജനത്തിന് ശേഷവും, ഭക്ഷണം തയ്യാറാക്കുന്നതിനും, കഴിക്കുന്നതിനും മുൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.

• തുറസ്സായ സ്ഥലങ്ങളിൽ മല-മൂത്ര വിസർജ്ജനം നടത്തരുത്

• പുറത്തിറങ്ങുമ്പോൾ നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കുക

• കുട്ടികളുടെ അടിവസ്ത്രം ദിവസവും മാറ്റുകയും,ചൂടുവെള്ളം ഉപയോഗിച്ച് സോപ്പിട്ട് കഴുകി വെയിലത്ത് ഉണക്കി എടുക്കുകയും വേണം

• നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക

• നഖം കടിക്കുന്ന ശീലം പാടില്ല

• കിടക്ക വിരിപ്പ്, പുതപ്പ് എന്നിവ ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും കഴുകണം

• പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകുക

• പാകം ചെയ്‌ത ഭക്ഷണം കഴിക്കുക. മാംസം നന്നായി പാകം ചെയ്ത‌് ഉപയോഗിക്കുക

• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

🌀 ഗുളിക കഴിക്കേണ്ടത് എങ്ങിനെ ?

• ഒരു വയസ്സ് മുതൽ രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് 400 മി.ഗ്രാം ആൽബൻ്റസോൾ(Albendazole) ഗുളികയുടെ പകുതിയും

• രണ്ട് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് 400 മി. ഗ്രാമിന്റെ ഒരു ഗുളികയും നൽകുന്നു

• ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ചാണ് ആൽബൻ്റസോൾ(Albendazole) ഗുളിക കഴിക്കേണ്ടത്. ചെറിയ കുട്ടികൾക്ക് അലിയിച്ച് നൽകുക

• അസുഖമുള്ളവരെയും സ്ഥിരമായി മരുന്ന് കഴിക്കുന്നവരെയും പരിപാടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


Comments