കൊളസ്ട്രോൾ വില്ലനാണോ? | CHOLESTEROL

കൊളസ്ട്രോൾ വില്ലനാണോ? | CHOLESTEROL 



27 കാർബൺ ആറ്റങ്ങൾ അടങ്ങിയ വലിയൊരു കൊഴുപ്പ് തന്മാത്രയാണ് കൊളസ്ട്രോൾ(cholesterol). കോൾ (Chole), സ്റ്റീരിയോസ് (Stereos) എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ ചേർന്നാണ് കൊളസ്ട്രോൾ(cholesterol) എന്ന വാക്കുണ്ടായത്. ഇതിൽ ആദ്യത്തെ പദത്തിനർഥം പിത്തരസം (bile) എന്നും രണ്ടാമത്തിൻ്റേത് ഖരവസ്തു (Solid) എന്നുമാണ്. അതിന്റെ കൂടെ രസതന്ത്രത്തിൽ ആൽക്കഹോളുകളെ സൂചിപ്പിക്കുന്ന 'ഓൾ' (ol) എന്ന വാലും ചേർത്തു. 1796-ൽ ഫ്രാൻസ്വാ പൌളറ്റിയർ ഡി ലാ സാൽ എന്ന ഫ്രഞ്ച് ഡോക്ടർ പിത്താശയക്കല്ലിലാണ് (gallstone) ആദ്യമായി കൊളസ്ട്രോൾ കണ്ടെത്തിയത്. തുടർന്ന് മിഷേൽ യൂജീൻ ഷെവ്റു എന്ന ഫ്രഞ്ച് രസതന്ത്രജ്ഞൻ അതിന് കൊളസ്ട്രിൻ (cholesterine) എന്ന് പേരും കൊടുത്തു. കൊളസ്ട്രോളുമായി സാമ്യമുള്ള കൊഴുപ്പുകൾ പൊതുവായി സ്റ്റിറോളുകൾ (sterols) എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാനുള്ള കഴിവ് എല്ലാ കോശങ്ങൾക്കുമുണ്ട്. ഏറ്റവും കൂടുതൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നത് കരൾകോശങ്ങളാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ ലഭിക്കേണ്ട ആവശ്യമില്ല. മാംസാഹാരത്തിലൂടെ അമിതമായ അളവിൽ കൊളസ്ട്രോൾ ശരീരത്തിലെത്തുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. 


🌀നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും:

• മറ്റുള്ള കൊഴുപ്പുകളെപ്പോലെ കൊളസ്ട്രോളും വെള്ളത്തിൽ ലയിക്കില്ല. അതുകൊണ്ട് രക്തത്തിലൂടെ അതിനെ സ്വതന്ത്രമായി വഹിച്ചുകൊണ്ടു പോകാൻ കഴിയില്ല. കൊളസ്ട്രോളിനെ വഹിച്ചു കൊണ്ടുപോകാൻ രണ്ടുതരം ലിപ്പോപ്രോട്ടീനുകളുണ്ട് (lipoproteins). കൊഴുപ്പും മാംസ്യവും ചേർന്ന സംയുക്തമാണ് ലിപ്പോപ്രോട്ടീനുകൾ.

• കരളിന് വെളിയിലുള്ള കോശങ്ങളിലേക്ക് കൊളസ്ട്രോളിനെ വഹിച്ചുകൊണ്ടു പോകുന്നത് സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനുകളും (Low Density Lipoproteins- LDL) കോശങ്ങളിൽ നിന്ന് തിരിച്ച് കരൾകോശങ്ങളിലേ ക്ക് കൊണ്ടുപോകുന്നത് സാന്ദ്രത കൂടിയ ലിപ്പോപ്രോട്ടീനുകളുമാണ് (High Density Lipoproteins- HDL). സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനുകളുമായി ബന്ധപ്പെട്ട കൊളസ്ട്രോളിനെ എൽ.ഡി.എൽ. കൊളസ്ട്രോളെന്നും സാന്ദ്രത കൂടിയ ലിപ്പോപ്രോട്ടീനുകളുമായി ബന്ധപ്പെട്ട കൊളസ്ട്രോളിനെ എച്ച്.ഡി.എൽ. കൊളസ്ട്രോളെന്നുമാണ് വിളിക്കുന്നത്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലും അധികമാകുമ്പോൾ അത് ധമനികളികളുടെ ഉൾഭിത്തികളിൽ കുമിഞ്ഞുകൂടുകയും ഉറച്ച്, ഫലകങ്ങളായി (plaques) മാറുകയും ചെയ്യും. ഇത് ധമനികളുടെ വ്യാസം കുറയ്ക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ രോഗാവസ്ഥയെ ആത്തെറോസ്ക്ലീറോസിസ് (atherosclerosis) എന്നാണ് പറയുന്നത്. ഹൃദയത്തിലേക്ക് രക്തം വഹിച്ചു കൊണ്ടുപോകുന്ന കൊറോണറി ധമനികളിലാണ് രക്തപ്രവാഹം തടസ്സപ്പെടുന്നതെങ്കിൽ ഹൃദയസ്തംഭനമായിരിക്കും ഫലം. എൽ.ഡി.എൽ. കൊളസ്ട്രോളാണ് ഇങ്ങനെ ധമനികളുടെ ഉൾഭിത്തിയിൽ കുമിഞ്ഞുകൂടുന്നത്. അതുകൊണ്ടുതന്നെ എൽ.ഡി.എൽ. കൊളസ്ട്രോളിൻ്റെ അളവ് കൂടുന്നതിനനുസരിച്ച് ആത്തെറോസ്ക്ലീറോസിസ് ഉണ്ടാകാനു ള്ള സാധ്യത കൂടിക്കൂടിവരുകയും ചെയ്യും. എച്ച്. ഡി.എൽ. കൊളസ്ട്രോളിൻ്റെ അളവ് വർധിക്കുമ്പോൾ ആ സാധ്യത കുറഞ്ഞുവരുകയാണ് ചെയ്യുന്നത്. കാരണം രക്തത്തിലുള്ള അമിതമായ കൊളസ്ട്രോളിനെ എച്ച്. ഡി.എൽ. കരൾ കോശങ്ങളിലെത്തിക്കുകയാല്ലോ ചെയ്യുന്നത്. അങ്ങനെയെത്തുന്ന കൊളസ്ട്രോളിൽ ഭൂരിഭാഗവും പിത്തലവണങ്ങളായി (bile salts) മാറുകയും പിത്താശയത്തിൽ സംഭരിക്കുകയുമാണ് ചെയ്യുന്നത്. ബാക്കി വിസർജിക്കപ്പെടുകയും ചെയ്യും. അങ്ങനെയാണ് എച്ച്.ഡി.എൽ. കൊളസ്ട്രോൾ നല്ല കൊളസ്ട്രോളും എൽ.ഡി.എൽ. കൊളസ്ട്രോൾ ചീത്തയായ കൊളസ്ട്രോളുമായത്. ആത്തെറോസ്ക്ലീറോസിസ് ഫലകങ്ങൾ ചിലപ്പോൾ ധമനികളുടെ ഭിത്തിയിൽ നിന്ന് അടർന്നുവീണ് രക്തത്തിലൂടെ സഞ്ചരിക്കുകയും ഹൃദയഭിത്തിയിലോ മസ്തിഷ്ക്കത്തിലോ രക്തം വിതരണംചെയ്യുന്ന സൂക്ഷ്മമായ രക്തക്കുഴലുകളിലെ രക്തപ്രവാഹം പൂർണമായും തടസ്സപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാകുമ്പോൾ ഹൃദയാഘാതമോ പക്ഷാഘാതമോ (stroke) ഉണ്ടാകാം.


🌀പാരമ്പര്യ രോഗങ്ങൾ:

• ആഹാരത്തിലെ അമിതമായ കൊളസ്ട്രോളിനുപുറമേ ചില പാരമ്പര്യ രോഗങ്ങൾ മൂലവും രക്ത ത്തിലെ കൊളസ്ട്രോളിൻ്റെ അളവ് വർധിക്കാം. അവയിലൊന്നാണ് ഫമിലീലിയൽ ഹൈപ്പർകൊളസ്ട്രോളീമിയ (Familial hypercholesterolemia). ഇത്തരം ആളുകൾക്ക് കുട്ടിക്കാലത്തുതന്നെ രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോളും അത്തീറോസ്ക്ലീറോസിസുമുണ്ടാകും. ജന്മനാ എച്ച്.ഡി.എൽ. തീരേ കുറവുള്ള രോഗമാണ് ഫമിലീലിയൽ എച്ച്.ഡി.എൽ. ഡെഫിഷ്യൻസി (Familial HDL deficiency). അതുപോലെ ടാൻജിയർ രോഗമുള്ളവരിൽ (Tangier disease) എച്ച്. ഡി.എലിന്റെ അളവ് കണ്ടുപിടിക്കാൻ കഴിയാത്തതിലും താഴെയായിരിക്കും.


🌀ചികിത്സ:

• രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മരുന്നാണ് സ്റ്റാറ്റിൻ (Statin). 1976-ൽ ടോക്യോയിലെ സാൻക്യോ കമ്പനിയി ലെ ഡോ. അക്കിറ എൻഡോയാണ് (Akira Endo) ആദ്യത്തെ സ്റ്റാറ്റിൻ കണ്ടുപിടിച്ചത്.


🌀കൊളസ്ട്രോളിൻ്റെ പ്രാധാന്യം:

• വെറുമൊരു വില്ലൻ തന്മാത്രയല്ല കൊളസ്ട്രോൾ. യാഥാർഥത്തിൽ കൊളസ്ട്രോളില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ കോശസ്തരം (Cell membrane) നിർമിക്കാനാവശ്യമായ കൊഴുപ്പുകളിൽ പ്രധാനിയാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിൻ്റെ മൂന്നാമത്തെ പ്രാധാന്യമാണ് പിത്തരസ അമ്ലങ്ങളുടെ (Bile acids) നിർമാണത്തിലെ പങ്ക്. കരൾകോ ശങ്ങൾ (Hepatic cells) നിർമിക്കുന്നതും പിത്താശയത്തിൽ (Gall bladder) സൂക്ഷിച്ചു വെക്കുന്നതുമായ ഒരു ദ്രാവകമാണ് പിത്തരസം. പിത്തരസത്തിൻ്റെ ഒരു സുപ്രധാന ഘടകമാണ് പിത്തരസ അമ്ലങ്ങൾ. പിത്താശയത്തിൽനിന്ന് ഒരു കുഴലിലൂടെ ചെറുകുടലിലെത്തുന്ന പിത്തരസം ആഹാരത്തിലടങ്ങിയ കൊഴുപ്പുമായി കൂടിക്കലർന്ന് അതിൻ്റെ ദഹനത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം പുറമേ വിറ്റാമിൻ-ഡി ഉത്പാദിപ്പിക്കുന്നതും കൊളസ്ട്രോളിൽ നിന്നുതന്നെയാണ്. വൃക്കകളിലും കരളിലുമാണ് വിറ്റാമിൻ-ഡിയുടെ ഉത്പാദനം നടക്കുന്നത്.

• ശരീരത്തിനാവശ്യമായ പലതരത്തിലുള്ള സ്റ്റിറോയ്‌ഡ് ഹോർമോണുകൾ (Steroid hormones) നിർമിക്കുന്നതും കൊളസ്ട്രോളിൽനിന്നാണ്. സ്റ്റിറോയിഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അന്തഃസ്രാവിഗ്രന്ഥികളുടെ പട്ടിക ചുവടെ👇

🔸വൃഷണം (Testis)-ടെസ്റ്റോസ്റ്റിറോൺ (Testostrone)

🔸അഡ്രീനൽ ഗ്രന്ഥി (Adrenal gland)-കോർട്ടിസോൾ (Cortisol), ആൽഡോസ്റ്റിറോൺ (Aldosterone)

🔸അണ്ഡാശയം (Ovary)-ഈസ്ട്രോജൻ (Estrogen), പ്രൊജെസ്റ്റെറോൺ (Progesterone)


📋ലിപ്പിഡ് പ്രൊഫൈൽ(LIPID PROFILE)- NORMAL VALUES:



Comments