ഫാറ്റിലിവർ എന്താണ് ? | WHAT IS FATTY LIVER ?

ഫാറ്റിലിവർ എന്താണ് ? | WHAT IS FATTY LIVER ?


🛟 ജീവിതശൈലീരോഗങ്ങളുടെ ഭാഗമായി വരുന്ന ഫാറ്റി ലിവർ(Fatty Liver)അഥവാ കൊഴുപ്പടിഞ്ഞുള്ള കരൾവീക്കം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന ആരോഗ്യപ്രശ്നമാണ്. ഫാറ്റി ലിവർ എന്നത് മദ്യജന്യ കരൾരോഗമായാണ് നേരത്തേ കരുതിയിരുന്നത്. ആധുനിക ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള വ്യായാമക്കുറവ്, അമിതാഹാരം, അതുമൂലുമുള്ള അമിതവണ്ണം, അതിൽനിന്നുണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം ഇവയാണ് മെറ്റബോളിക് സിൻഡ്രോം(Metabolic Syndrome)എന്ന ജീവിതശൈലീരോഗത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. പ്രമേഹം, അമിത ബി.പി., കൊഴുപ്പിലെ വ്യതിയാനങ്ങൾ എന്നിവയും മെറ്റബോളിക് സിൻഡ്രോം എന്ന ഈ അസുഖത്തിന്റെ ഭാഗമാകുന്നു.

• ലോകത്താകമാനം 25-50 ശതമാനം ആളുകളും കേരളത്തിൽ 30-50 ശതമാനം ആളുകളും ഫാറ്റി ലിവർ രോഗം ഉള്ള വരാണെന്ന് കാണാം. ഇവരിൽ ഏകദേശം 7-15 ശതമാനം വരെ ആളുകൾക്ക് രോഗം, നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (നാഷ്)(nonalcoholic steatohepatitis (NASH)) എന്ന അടുത്ത ഘട്ടത്തിലേക്കും പിന്നീട് 3-7 ശതമാനം പേർക്ക് ഗുരുതരമായ സിറോസിസ് എന്ന അവസ്ഥയി ലേക്കും മാറുന്നു. കരൾ കാൻസർപോലും ഫാറ്റി ലിവറിന്റെ സങ്കീർണതയായി കാണുന്നുണ്ട്.

• രണ്ടുപതിറ്റാണ്ട് മുൻപുവരെ വളരെ പതുക്കെ പുരോഗമിച്ചിരുന്ന രോഗമായിരുന്നു ഫാറ്റി ലിവർ, ഫാറ്റി ലിവറിൽനിന്ന് സിറോസിസ് എന്ന അവസ്ഥയിൽ എത്തിച്ചേരാൻ ഏകദേശം 35-40 വർഷം എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചുകൂടി വേഗത്തിലാണ് രോഗവർധന. 20 വർഷംകൊണ്ടുതന്നെ ലിവർ സിറോസിസിലേക്ക് എത്തിച്ചേരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.


🛟 ആരിലാണ് രോഗം വർധിക്കുക ?

• ഫാറ്റി ലിവർ ഉള്ളവരിൽ പ്രമേഹം, അമിത ബി.പി. ഇവയുണ്ടെങ്കിൽ അടുത്ത സ്റ്റേജിലേ ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇവർ മദ്യപിക്കുകയാണെങ്കിലോ ഹെപ്പറ്റൈറ്റിസ് ബി, സി. എന്നീ അണുബാധിതരാകുകയാണെങ്കിലോ രോഗം പെട്ടെന്ന് വർധിക്കും.


🛟 എങ്ങനെ കണ്ടുപിടിക്കാം ?

• ഫാറ്റി ലിവർ എന്ന കരൾ വീക്കത്തിന് കാര്യമായ ലക്ഷണങ്ങളൊന്നുംതന്നെയില്ല. ഇത് അടുത്ത സ്റ്റേജിലേക്ക് (നാഷ്, ലിവർ സിറോസിസ്) കടന്നാലും രോഗലക്ഷണങ്ങൾ ഇല്ലതന്നെ. അസുഖം വർധിച്ച് കരൾ പരാജയം ഉണ്ടാകുമ്പോൾ മാത്രമാണ്. കാലിൽ നീര്, മഹോദരം, മഞ്ഞപ്പിത്തം എന്നീ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. അപ്പോഴേക്കും രോഗം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കും. ചികിത്സയും വളരെ ദുഷ്‌കരമായിരിക്കും. അപ്പോൾ പ്രായോഗികമായി ചെയ്യേണ്ടത്. രോഗം വരാൻ കൂടുതൽ സാധ്യതയുള്ള ആളുകളെ സ്ക്രീനിങ്ങിന് വിധേയരാക്കുക എന്നതാണ്. മെറ്റബോളിക് സിൻഡ്രോം ഉള്ള എല്ലാ രോഗികളെയും സ്ക്രീനിങ്ങിൽ ഉൾപ്പെടുത്തണം.


🛟 സ്ക്രീനിങ് എങ്ങനെ ?

• വയറിന്റെ അൾട്രാ സൗണ്ട് സ്‌കാൻ ആണ് പ്രധാനമായും സ്ക്രീനിങ് ടെസ്റ്റ്. ഇത് ലളിതവും ചെലവുകുറഞ്ഞതുമായ ടെസ്റ്റാണ്. ഫലപ്രദവുമാണ്. ഫാറ്റി ലിവർ ഡിസീസ് ഉള്ളവർ അടുത്ത സ്റ്റേജിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ മറ്റ് ടെസ്റ്റുകൾ ആവശ്യമാണ്.


🔬ടെസ്റ്റുകൾ:

• രക്തപരിശോധന:

• എൽ.എഫ്.ടി. (കരളിന്റെ പ്രവർത്തനം നോക്കാൻ)

• ലിവർ ഫൈബ്രോസിസ് കണ്ടു പിടിക്കാനുള്ള രക്തപരിശോധന (എ.പി.ആർ.1, ഫൈബ്രോ ടെസ്റ്റ്, എൻ. എഫ്.എസ് സ്കോർ(NAFLD Fibrosis Score (NFS)) എന്നിവ).

• കരൾ ഫാറ്റ് കണ്ടുപിടിക്കാനുള്ള ടെസ്റ്റ് എം.ആർ. സ്പെക്ട്രോമെട്രി

• ലിവർ ഫൈബ്രോസിസ് കണ്ടുപിടിക്കാനുള്ള സ്‌കാൻ-

ഫൈബ്രോ സ്കാൻ, എം.ആർ ഇലസ്റ്റോഗ്രാഫി

• ലിവർ ബയോപ്‌സി- കരളിന്റെ ചെറിയ കഷണം മുറിച്ചെടുത്ത് വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നതാണ് ബയോപ്‌സി ടെസ്റ്റ്.


🛟 ചികിത്സാരീതികൾ:

• മരുന്നുകളെക്കാൾ ശരിയായ ജീവിതക്രമംതന്നെയാണ് ഈ രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും. ശരിയായ ഭക്ഷണം, വ്യായാമം, അമിതവണ്ണം കുറയ്ക്കുക എന്നിവയാണ് ജീവിതക്രമീകരണത്തിലെ മൂന്ന് പ്രധാന ഘടകങ്ങൾ.


🛟 ഭക്ഷണം ഒഴിവാക്കേണ്ടവ:

• ഫുഡ്, ജങ്ക് ഫുഡ്, കോളപോലെയുള്ള പാനീയങ്ങൾ, എണ്ണയിൽ പൊരിച്ചഭക്ഷണങ്ങൾ, ചുവന്ന മാംസം, ഫുഡ് അഡിക്ടീവുകൾ, ബേക്കറി പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ.

🛟 കഴിക്കാവുന്നവ:

• വേവിച്ച ഭക്ഷ്യവിഭവങ്ങൾ, മത്സ്യം, പച്ചിലകൾ, പച്ചക്കറി കൾ, പഴവർഗങ്ങൾ, പാൽ, തൈര്.

🛟 മിതമായി കഴിക്കാവുന്നവ:

• മുട്ട, പരിപ്പുവർഗങ്ങൾ. മിതമായി കാപ്പി കുടിക്കുന്നിലും തെറ്റില്ല.

ആവശ്യത്തിനുള്ള അളവിൽ മാത്രം മൂന്നുനേരമായി ചിട്ടയായി വേണം പ്രധാന ഭക്ഷണം കഴിക്കാൻ. വൈകിട്ട് കാപ്പിയും ലഘുഭക്ഷണവുമാകാം. ഇടതടവില്ലാതെ കഴിക്കുന്ന ശീലം, ടി.വി. കണ്ടുകൊണ്ട് സ്‌നാക്സ് കഴിച്ചുകൊണ്ടിരിക്കുന്ന ശീലംഎന്നിവ ഒഴിവാക്കണം.


🛟 വ്യായാമം:

• വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. നടന്നുപോകാൻ കഴിയുന്നിടത്തെല്ലാം നടന്നുതന്നെ പോകുക, ലിഫ്റ്റിന് പകരം പടികൾ കയറുക തുടങ്ങിയവ ശീലമാക്കാം.

• ദിവസവും 45 മിനിറ്റുവെച്ച് ആഴ്ച‌യിൽ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യുക. കൈവീശി ദ്രുതഗതിയിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ, സ്ക‌ിപ്പിങ്, എന്നിവ ശീലമാക്കാം. ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക.

• യോഗ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്‌കൂൾതലം തൊട്ടുതന്നെ കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുക്കാനുള്ള ശ്രമമുണ്ടാകണം.

Comments