നിപ പ്രതിരോധം പ്രധാനം | Nipah Virus: Be Aware

നിപ പ്രതിരോധം പ്രധാനം | Nipah Virus: Be Aware



July 21, 2024:

നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ഇന്നലെയാണ്(20/07/2024) നിപ സ്ഥിരീകരിച്ചത്. മെഡി.കോളജിെല വെന്റിലേറ്ററിലായിരുന്നു കുട്ടി. 10 ദിവസം മുന്‍പ് പനി ബാധിച്ചാണ് കുട്ടി ചികില്‍സയ്ക്ക് എത്തിയത്. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് നല്‍കും മുന്‍പാണ് മരണം സംഭവിച്ചത്.

നിപ്പ വന്ന വഴി

കേരളത്തിൽ നിപ അഞ്ചാം തവണ:

• 2018 മെയ് അഞ്ചിനാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേരൊഴികെ പതിനേഴ് പേരും മരണത്തിന് കീഴടങ്ങി. ആദ്യമരണം നടന്നുകഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷമാണ് അജ്ഞാതമായ ഒരു വൈറസിനെ കുറിച്ച് ആരോഗ്യവകുപ്പിന് സംശയം ജനിക്കുന്നത്. തുടർന്ന് നടന്ന വിദഗ്ധ പരിശോധനയിൽ മേയ് 19-ന് മരണം നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും, 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 20 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. 


എന്താണ് നിപ വൈറസ് ?

മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെടുന്നത്. ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ വൈറസുകൾ. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. ലോകത്ത് ആദ്യമായി മലേഷ്യയിൽ ആണ് രോഗം റിപ്പോർട്ട് ചെയ്തത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്.

• പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും സ്ഥിരീകരണമില്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പടരുന്നത്.


രോഗം പകരുന്നതെങ്ങനെ ?

• ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളർത്തുമൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗം മൂർച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്. വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിക്കുന്നതിലൂടേയോ വൈറസുകൾ മനുഷ്യശരീരത്തിലെത്താം.


ലക്ഷണങ്ങൾ:

• വൈറസ് ശരീരത്തിനുള്ളിലെത്തിയാൽ അഞ്ചുമുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ചുമ, വയറുവേദന, ഛർദി, ശ്വാസതടസ്സം എന്നിവയുമുണ്ടാകാം.


പരിശോധന എങ്ങിനെ ?

• സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം തൊണ്ടയിൽ നിന്നുള്ള സ്രവം, വേണ്ടി വന്നാൽ നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.


മുൻകരുതലുകൾ:

• വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്. മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്തിടപെടുന്നവർ മാസ്ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. നിപ്പ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകർ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ (Barrier Nursing) കർശനമായി പാലിച്ചിരിക്കണം.

• രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

• രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

• രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

• വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

# തിരിച്ചറിവ് വേണം, പ്രതിരോധിക്കണം:

• പനിക്കൊപ്പം ഓർമക്കുറവ്, ബോധക്ഷയം, അപസ്മാരം തുടങ്ങിയവയുണ്ടാകുമ്പോഴാണ് മസ്തിഷ്കജ്വരം സംശയിക്കുന്നത്. അമീബിക് മസ്‌തിഷ്‌കജ്വരമടക്കം പല മസ്തിഷ്ക ജ്വരങ്ങൾ കേരളത്തിലുണ്ട്. അതിൽ അപൂർവമായി പടരുന്നതാണ് നിപ്പ.

• പനിക്കൊപ്പം ഓർമക്കുറവോ അപസ്മാര മോ വന്നാൽ ഉടൻ ആശുപത്രിയിലെത്തി കൃത്യമായ ചികിത്സ തേടണം.

• രോഗലക്ഷണമുള്ളയാളെ ഐസലേറ്റ് ചെയ്തു ചികിത്സിക്കാനുള്ള സംവിധാനം ആശുപത്രികളിലുണ്ടാവണം. 

• നിപ്പ് വൈറസ് തുടക്കത്തിൽ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കും പിന്നീടു മറ്റു മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ്.

• പനിയുള്ളപ്പോൾ പൊതുസ്‌ഥലങ്ങളിൽ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കണം.

• രോഗലക്ഷണമുണ്ടെങ്കിൽ അടഞ്ഞ പ്രദേശങ്ങളിലോ ആൾക്കാർ ഒത്തുകൂടുന്ന സ്‌ഥലങ്ങളിലോ പോകരുത്.

• കൈകൾ വൃത്തിയായി സൂക്ഷിക്കണം

• പൊതുഇടങ്ങളിൽനിന്നു വീട്ടിലേക്കു പോവുമ്പോൾ കൈ സോപ്പിട്ട് കഴുകണം. ഭക്ഷണത്തിന് മുൻപ് കൈകൾ ശുദ്ധിയാക്കണം. നിപ്പ, ഹെപ്പറ്റൈറ്റിസ് അടക്കം പല പകർച്ചവ്യാധികൾ പിടിപെടുന്നതു തടയാൻ ഇതു സഹായിക്കും.

• വവ്വാലുകൾ കടിച്ച കശുമാങ്ങ, അടയ്ക്ക, പഴവർഗങ്ങൾ എന്നിവ കഴിക്കാതിരിക്കുക.

• വവ്വാലുകളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.


Comments