ജീവനുള്ള കെമിക്കൽ ഫാക്‌ടറി
കെമിക്കലുകൾ അഥവാ രാസപദാർഥങ്ങളോടുണ്ടാകുന്ന അതിയായ ഭയത്തെ 'കീമോഫോബിയ(chemophobia)' എന്നു വിളിക്കുന്നു. ചില വാക്കുകളോടും സാഹചര്യങ്ങളോടും മനുഷ്യമനസ്സിന് അതിശക്തമായ പ്രതികരണങ്ങളുണ്ടാകാറുണ്ട്. ഈ പ്രതികരണങ്ങൾ പലപ്പോഴും രാസഘടകങ്ങൾ മൂലമാണു സംഭവിക്കുന്നത്. പ്രത്യേകിച്ച് അവ നമുക്ക് അപരിചിതമാകുമ്പോൾ. അന്യമായ ശബ്ദങ്ങൾ, അപരിചിതമായ പദപ്രയോഗങ്ങൾ, അല്ലെങ്കിൽ ബോധത്തിൽ ആഴത്തിൽ പതിയാത്ത ആശയങ്ങൾ തുടങ്ങിയവയെല്ലാം ഭയത്തിനും ആശയക്കുഴപ്പത്തിനും കാരണമാകാം.
• ഉദാഹരണത്തിന്, (5R)-5-[(1S)-1,2-dihydroxyethyl]-3,4-dihydroxy-2,5-dihydrofuran-2-oneഎന്ന രാസവാക്യം കേൾക്കുമ്പോൾ തന്നെ ഭയാനകമായ എന്തെങ്കിലുമാണെന്ന് തോന്നില്ലേ? അതിന്റെ ആവർത്തന സ്വഭാവവും ശബ്ദ ഘടനയും കേട്ടാൽ ഇതൊരു അപകടകരമായ രാസവസ്‌തുവോ വിഷവസ്തുവോ ആണെന്നു തോന്നാം. എന്നാൽ, ഇത് ഏവർക്കും പരിചിതമായ വൈറ്റമിൻ സി ആണ്.
🧪 മനുഷ്യൻ: ജീവനുള്ള കെമിക്കൽഫാക്‌ടറി
• 'കെമിക്കലുകൾ' എന്നു കേൾക്കുമ്പോൾ അതിൽ അനാരോഗ്യകരമായ എന്തൊക്കെയോ അടങ്ങിയിട്ടുണ്ടെന്നു ചിന്തിക്കുന്നതും 'കെമിക്കൽരഹിത'മായ ആഹാരം മാത്രമേ ആരോഗ്യകരമാകു എന്നൊരു തെറ്റിദ്ധാരണ തോന്നുന്നതും സ്വാഭാവികമാണ്. ശാസ്ത്രീയമായി നോക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള എല്ലാ വസ്തുക്കളും എല്ലാ ഭക്ഷണങ്ങളും കെമിക്കൽ ഘടകങ്ങൾ കൊണ്ടുതന്നെയാണു നിർമിച്ചിട്ടുള്ളത്. അതിനാൽ, കെമിക്കലുകളെല്ലാം ഹാനികരമാണന്നും കെമിക്കലില്ലെങ്കിൽ ഭക്ഷണം ആരോഗ്യകരമാകുമെന്നും കരുതുന്നതു ശരിയല്ല.
• നമ്മുടെ ശരീരം ഏകദേശം 65% വെള്ളമാണെന്നു കേട്ടിട്ടുണ്ടാകുമല്ലോ? ലിപിഡ്, പ്രോട്ടീൻ, ഡിഎൻഎ, ആർഎൻഎ തുടങ്ങി ധാരാളം സങ്കീർണമായ ജൈവതന്മാത്രകളും ശരീരത്തിൽ അടങ്ങിയിട്ടുണ്ട്.
• ശരീരം ഏകദേശം 99% നിർമിച്ചിരിക്കുന്നത് 6 പ്രധാന മൂലകങ്ങളാലാണ്: കാർബൺ, ഓക്‌സിജൻ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്‌ഫറസ്, കാൽസ്യം.
(1) ഓക്സിജൻ - 65% ജലത്തിൻ്റെ പ്രധാന ഘടകം, ദഹനപ്രക്രിയകൾക്കും നിർണായകം.
(2) കാർബൺ - 18.5%: എല്ലാ ജൈവ സംയുക്‌തങ്ങളുടെയും അടിത്തറ.
(3) ഹൈഡ്രജൻ - 9.5% ജലത്തിൻ്റെ ഭാഗം,ശരീര ത്തിന്റെ ഊർജ ഉൽപാദനത്തിനു പ്രധാനമാണ്.
(4) നൈട്രജൻ - 3.2% പ്രോട്ടീനുകൾ, ഡിഎൻഎ, ആർഎൻഎ എന്നിവയുടെ അടിത്തറ.
(5) കാൽസ്യം - 1.5% എല്ലുകളുടെയും പല്ലുകളുടെയും പ്രധാന ഘടകം.
(6) ഫോസ്‌ഫറസ് - ഊർജ സംയുക്‌തങ്ങൾക്കായി ആവശ്യമുള്ള ഘടകം.
• ബാക്കി പ്രധാന മൂലകങ്ങൾ പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ലോറിൻ, മഗ്‌നിഷ്യം എന്നിവയാണ്. ഇവയ്ക്കു പുറമേ, 60തോളം മറ്റു മൂലകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഏകദേശം മുപ്പതെണ്ണത്തിനേ ശരീരപ്രക്രിയകളിൽ പ്രത്യേക പങ്കുള്ളു. ഈ എല്ലാ ഘടകങ്ങളും ചേർന്നാണു നമ്മളെന്ന 'ജീവിച്ചിരിക്കുന്ന കെമിക്കൽ ഫാക്ടറി' രൂപം കൊള്ളുന്നത്!
🧪 അടുക്കളയിലെ രസതന്ത്രം
• അടുക്കള ഒരു കെമിക്കൽ ലബോറട്ടറിയാണ്. എല്ലാ ഭക്ഷ്യവസ്‌തുക്കളും വിവിധ രാസഘടകങ്ങളാൽ നിർമിതമാണ്. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൃത്യമായ സംയുക്‌തങ്ങൾ മനസ്സി ലാക്കുമ്പോൾ 'കെമിക്കൽ' എന്നതിനോടുള്ള തെറ്റിദ്ധാരണകൾ മാറ്റാം. ഉദാഹരണത്തിന് ഉപ്പ്, സോഡിയം ക്ലോറൈഡ് എന്ന അയോണിക് സംയുക്തമാണ്. സോഡിയവും ക്ലോറൈഡും ചേർന്നുണ്ടാകുന്ന ഒരു രാസവസ്തു. അന്നജം പ്രധാനമായും കാർബോഹൈഡ്രേറ്റ് ആയ സ്റ്റാർച്ച് കൊണ്ടാണു നിർമിച്ചിരിക്കുന്നത്. അത്തരം കെമിക്കൽ ഘടനകൾ മഞ്ഞൾ, മല്ലിപ്പൊടി, മുളകുപൊടി പോലെയുള്ള മസാലകളിലും കാണാം. ഇവയിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നിവ കൂടാതെ, പൊട്ടാസ്യം, കാൽസ്യം, മഗ്നിഷ്യം പോലെയുള്ള മറ്റു മുലകങ്ങളുമുണ്ട്.
• പ്രകൃതിദത്തമായ എല്ലാ വസ്‌തുക്കളും കെമിക്കൽ ഘടകങ്ങൾ കൊണ്ടാണു നിർമിച്ചിട്ടുള്ളത്. അഥവാ, 'കെമിക്കൽ' എന്നത് പൂർണമായും മനുഷ്യനിർമിതവും ഹാനികരവുമായ ഒന്നാണെന്ന തെറ്റിദ്ധാരണ മാറേണ്ടിയിരിക്കുന്നു.
Comments
Post a Comment