തിരിച്ചെത്തി, 12,500 വർഷം മുൻപ് മൺമറഞ്ഞ ചെന്നായ

തിരിച്ചെത്തി, 12,500 വർഷം മുൻപ് മൺമറഞ്ഞ ചെന്നായ


12,500 വർഷം മുൻപ് മൺമറഞ്ഞുപോയ ഡയർവുൾഫ് (Dire wolf) എന്ന ചെന്നായയെ ജീൻ എഡിറ്റിങ് സാങ്കേ തികവിദ്യയിലൂടെ യുഎസ് ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ് പുനഃസൃഷ്ടിച്ചു. രഹസ്യകേന്ദ്രത്തിലാണു പുതുതായി സൃഷ്ടിക്കപ്പെട്ട 3 ഡയർ വൂൾഫുകളെ പാർപ്പിച്ചിരിക്കുന്നതെന്നു കൊളോസൽ സിഇഒ ബെൻലാം അറിയിച്ചു. ഇതിൽ ആൺചെന്നായകളായ റോമുലസ്, റെമുസ് എന്നിവ കഴിഞ്ഞവർഷം ഒക്ടോബറിലും പെൺചെന്നായ ഖലീസി ഈ വർഷം ജനുവരിയിലുമാണു ജനിച്ചത്. സൂപ്പർഹിറ്റ് ടിവി പരമ്പരയായ 'ഗെയിം ഓഫ് ത്രോൺസി' ലൂടെ പ്രശസ്ത‌മായ ജീവിയാണു ഡയർവുൾഫ്.

• വംശനാശം സംഭവിച്ചു മറഞ്ഞ ജീവികളെ തിരികെയെ ത്തിക്കാനുള്ള 'ഡീഎക്സ്റ്റിൻക്ഷൻ' ഗവേഷണമേഖലയിലെ നിർണായക കാൽവയ്‌പാണു സംഭവം. എന്നാൽ ആദിമ കാലത്തെ വംശനാശം പ്രകൃതിദത്തമായിരുന്നെന്നും ഇത്തരത്തിൽ നശിച്ചുപോയ ജീവി വംശങ്ങളെ തിരികെക്കൊണ്ടു വരുന്നതു പ്രകൃതിയുടെ ക്രമത്തിനു ദോഷമാണെന്നും എതിർസ്വരങ്ങളുമുയർന്നിട്ടുണ്ട്. സൃഷ്‌ടിച്ചതു ജനിതകമാറ്റം വരുത്തിയ ഗ്രേവുൾഫിനെയാണെ ന്നും (ഇന്നത്തെ കാലത്തെ ചെന്നായ വംശങ്ങളിലൊന്ന്) ഇതു ഡയർവൂൾഫ് അല്ലെന്നും മറ്റു ചില ശാസ്ത്രജ്‌ഞർ വിമർശനം ഉന്നയിച്ചു.

• പുനഃസൃഷ്ട‌ി ഇങ്ങനെ:

~ ഡയർവൂൾഫിൻ്റെ 13,000 വർഷം പഴക്കമുള്ള ഒരു പല്ല്, 72,500 വർഷം പഴക്കമുള്ള തലയോട്ടി എന്നിവയിൽ നിന്ന് ഡിഎൻഎ വേർതിരിച്ചു.

~ നിലവിലുള്ള ഗ്രേവുൾഫ് ഭ്രൂണത്തിന്റെ ജനിതകഘടനയിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി. ഡയർവൂൾഫിൻ്റെ സവിശേഷതകൾ കിട്ടുന്നവിധമായിരുന്നു ഈ പ്രക്രിയ.

~ പരിഷ്കരിക്കപ്പെട്ട ഈ ഡിഎൻഎ ഗ്രേവൂൾഫിന്റെ അണ്ഡത്തിൽ സന്നിവേശിപ്പിച്ചു.

~ ലാബിൽ കുറച്ചുനാൾ വികസിപ്പിച്ചശേഷം ഈ ഭ്രൂണം 'ഹൗണ്ട്' വിഭാഗത്തിൽപെടുന്ന നായകളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.

~ നായ്ക്കൾ ഡയർവൂൾഫുകളെ പ്രസവിച്ചു.


ഡയർ വുൾഫുകളെ (Dire wolf) സൃഷ്‌ടിച്ചതായുള്ള കൊളോസൽ ബയോസയൻസസിന്റെ അവകാശവാദം ശാസ്ത്രമേഖലയിൽ പ്രതീക്ഷകൾക്കു മാത്രമല്ല, വാദങ്ങൾക്കും വിമർശനങ്ങൾക്കും കൂടി വഴിവച്ചിരിക്കുകയാണ്. ഡീഎക്സ്റ്റിൻക്ഷൻ അഥവാ റിസറക്ഷൻ ബയോളജി (Resurrection biology/ de-extinction) എന്നറിയപ്പെടുന്ന ഈ ശാസ്ത്ര മേഖല വികസിച്ചാൽ പ്രധാനമായും 3 മൃഗങ്ങൾ തിരിച്ചെത്തുമോ യെന്നാണു ചോദ്യം ഉയരുന്നത്.


1. മാമ്മത്ത് 🐘 

• ചരിത്രാതീതകാലത്ത് മൺമറഞ്ഞുപോയ വമ്പൻ ജീവികൾ. 13 അടി വരെ പൊക്കവും 8000 കിലോഗ്രാം ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളുമുള്ള ഇവ ഏഷ്യൻ ആനകളുടെ കുടുംബത്തിൽപെട്ടവയാണ്. ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഇവ ഉണ്ടായിരുന്നു. എന്നാൽ, ഉത്തരധ്രുമേഖലകളിലുണ്ടാ യിരുന്ന വുളി മാമ്മത്തുകളാണ് ഏറ്റവും പ്രശസ്തം.

• റഷ്യയിൽ ആർടിക് സമുദ്രതീരത്തുള്ള വാൻഗൽ ദ്വീപിലാണ് ലോകത്തെ അവസാന മാമ്മത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവ ചത്തൊടുങ്ങി. മാമ്മത്തിനെ പുനഃസൃഷ്‌ടി ക്കാനാണു കൊളോസൽ ബയോസയൻസസ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൈബീരിയയിൽനിന്നു കണ്ടെത്തിയ നശിക്കാത്ത മാമ്മത്തിന്റെ ശരീരത്തിൽനിന്നു ഡിഎൻഎ വേർതിരിച്ചാണു ഗവേഷണം. വുളി മാമ്മത്തും ഏഷ്യൻ ആനകളുമായുള്ള സങ്കരയിനം ജീവികളെ പുനഃസൃഷ്ടിക്കാമെന്നാണ് അവർ കരുതുന്നത്.


2. ടാസ്‌മാനിയൻ ടൈഗർ 🐅 

• ഓസ്ട്രേലിയയുടെ അധീനതയിലുള്ള ടാസ്മാനിയൻ ദ്വീപിൽനിന്ന് അപ്രത്യക്ഷമായ സഞ്ചിമൃഗമാണ് ഇത്. മനുഷ്യരുടെ വേട്ടയും കൊളോണിയൽ സംഘങ്ങളോടൊപ്പം ഇവിടെയെത്തിയ അധിനിവേശ ജീവികളുമായിരുന്നു വംശനാശത്തിനുള്ള പ്രധാന കാരണം. മെൽബൺ സർവകലാശാലയുമായി ചേർന്നാണ് കൊളോസൽ ബയോസയൻസസ് ഈ ഗവേഷണം നടത്തുന്നത്. ഹോളിവുഡ് നടൻ ക്രിസ് ഹെംസ്വർത്ത് ഉൾപ്പെടെ ഇതിന്റെ സ്പോൺസർമാരാണ്.

• 2000 വർഷങ്ങൾ മുൻപേ ഓസ്ട്രേലിയൻ വൻകരയിൽനിന്നു ടാസ്മാനിയൻ ടൈഗറുകൾ അപ്രത്യക്ഷരായിരുന്നു. എന്നാൽ, ടാസ്മാനിയൻ ദ്വീപിൽ ഇവ നിലനിന്നു. 1936ൽ ആണ് ഈ ജീവിവർഗത്തിലെ അവസാന മൃഗം ഹൊബാർട്ട് മൃഗശാലയിൽ അന്ത്യശ്വാസം വലിച്ചത്. ടാസ്മാനിയൻ ടൈഗറുകളുടെ ജനിതകഘടന ശ്രേണീകരിക്കേണ്ട ഘട്ടം സങ്കീർണമായതിനാൽ ഇതുവരെ ലക്ഷ്യപ്രാപ്തി നേടി യിട്ടില്ല.


3. ഡോഡോ 🦆 

• മൊറീഷ്യസ് ദ്വീപുകളിൽ വംശ നാശം വന്ന പക്ഷി. ദ്വീപിലെത്തിയ യൂ റോപ്യൻ കൊളോണിയൽ സംഘങ്ങൾ ഭക്ഷ ണത്തിനുപയോഗിച്ചതും അവരുടെ വളർത്തുനായ്ക്കൾ വേട്ടയാടിയതുമാണ് മൂന്നടിയോളം പൊക്കമുള്ള മാംസളശരീരമുള്ള ഡോഡോയെ ഓർമയാക്കിയത്. 1662ൽ ഇവ മൺമറഞ്ഞു

• ഡോഡോ പക്ഷിയുടെ ജനിതകഘടന പൂർണമായും ശ്രേണീകരിച്ചിട്ടുണ്ട്. കോപ്പൻഹേഗനിലെ നാച്വറൽ ഹിസ്റ്റ‌റി മ്യൂസിയമാണ് ഇതിനു പിന്നിൽ. എന്നാൽ, സസ്തനികളെ പുനഃസൃഷ്ടിക്കുന്നതിലും പാടാണ് പക്ഷികളുടെ കാര്യം. അതിനാൽ ഡോഡോ തിരികെവരുമോയെന്ന് ഉറപ്പില്ല.


എന്താണ് കൊളോസൽ ബയോസയൻസസ് (Colossal Biosciences)?

• 2021ൽ ജോർജ് ചർച്ച്, ബെൻ ലാം എന്നീ ശാസ്ത്ര ജ്‌ഞർ സ്ഥാപിച്ച കമ്പനി യാണ് കൊളോസൽ. ടെക്സസിലെ ഡാലസിലാ ണ് ആസ്‌ഥാനം. 1000 കോടി യുഎസ് ഡോളറിലേറെ മൂല്യമുള്ള കമ്പനിയായി ഇതു വളർന്നിട്ടുണ്ട്. യുഎസിലും ഓസ്ട്രേലിയയിലുമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ 170ൽ ഏറെ ബയോടെക് വിദഗ്‌ധരുണ്ട്.


വരുമോ ദിനോസർ?

• ജുറാസിക് പാർക്ക് സിനിമയുടെ പ്രമേയം പോലെ ദിനോസറുകളെ ഈ സാങ്കേതിക വിദ്യയിലൂടെ ഭൂമിയിൽ പുനഃസൃഷ്ടിക്കാനൊക്കുമോ? ഇല്ലെന്നാണു ശാസ്ത്രജ്‌ഞർ പറയുന്നത്. ദിനോസറുകളുടെ ഫോസിലുകൾ ധാരാളം ലഭിച്ചിട്ടുണ്ടെങ്കിലും ജനിതക വിവരങ്ങൾ ശേഖരിക്കാനായിട്ടില്ലെന്നതാണു കാരണം.

Comments